
ശ്രീനഗര്‍: പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യയിലെവിടെയും നാശനഷ്ടമുണ്ടായിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. പാകിസ്താന്റെ ഭീഷണികളെ നിര്‍വീര്യമാക്കാന്‍ സാധിച്ചെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനും സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രധാന 27 എയര്‍പോര്‍ട്ടുകള്‍ അടയ്ക്കാന്‍ നിര്‍ദേശമുണ്ട്. ധര്‍മ്മശാല, ഹിന്‍ഡണ്‍, ഗ്വാളിയോര്‍, കിഷന്‍ഗഡ്, ശ്രീനഗര്‍, അമൃത്സര്‍, പട്യാല, ഷിംല, ഗഗള്‍, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ഹല്‍വാര, പഠാന്‍കോട്ട്, ജമ്മു, ലേഹ്, ലുധിയാന, ഭാനു, ഭട്ടിന്‍ഡ, മുന്ദ്ര, ജാംനഗര്‍, രാജ്‌കോട്ട്, പോര്‍ബന്ദര്‍, കാണ്ട്‌ല, കേശോദ്, ഭുജ്, ചണ്ഡീഗഢ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. രാജ്യസുരക്ഷയുടെ ഭാഗമായാണ് കേന്ദ്രത്തിന്റെ നടപടി.
ജമ്മുവിലും പഞ്ചാബിലും പാകിസ്താന്‍ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ ഒറ്റയടിക്ക് ഇന്ത്യ തകര്‍ത്തു. രണ്ട് ജെ എഫ് 17യുദ്ധവിമാനങ്ങള്‍, ഒരു എഫ് 16 യുദ്ധവിമാനം എന്നിവയാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ചു വീഴ്ത്തിയത്. ഉദ്ദംപൂരില്‍ നടന്ന പാകിസ്താന്‍ ഡ്രോണ്‍ ആക്രമണങ്ങളും ഇന്ത്യ പരാജയപ്പെടുത്തി.
പൂഞ്ചിലേക്ക് പാകിസ്താന്‍ അയച്ച രണ്ട് കാമികാസെ ഡ്രോണുകളും ഇന്ത്യ നിഷ്പ്രഭമാക്കി. അഖ്നൂറില്‍ ഒരു ഡ്രോണ്‍ വെടിവച്ചു വീഴ്ത്തി. നിരവധി പാക് മിസൈലുകളും റോക്കറ്റുകളും ഇന്ത്യ തകര്‍ത്തു. ജമ്മു സിവില്‍ വിമാനത്താവളം, സാംബ, ആര്‍എസ് പുര, അര്‍നിയ, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്ക് എട്ട് മിസൈലുകളാണ് പാകിസ്താന്‍ തൊടുത്തുവിട്ടത്.
Content Highlights: There is no casualities in india on Pakistan attack