
ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖര്‍ഗെ. സര്‍വ്വശക്തിയുമെടുത്ത് തീവ്രവാദികളെ തുരത്തണമെന്നും രാജ്യം ഒറ്റക്കെട്ടായി കൂടെ നില്‍ക്കുമെന്നും മല്ലികാര്‍ജുൻ ഖര്‍ഗെ പറഞ്ഞു. ഭീകരര്‍ക്ക് ഉചിതമായ മറുപടി നല്‍കണം. സര്‍ക്കാരിന് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്യുന്നു. അമര്‍നാഥ് തീര്‍ത്ഥാടനം അടുത്തുവരികയാണ്. സര്‍ക്കാര്‍ മുന്‍കരുതല്‍ എടുക്കേണ്ട സമയമാണിതെന്നും ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം നാളെ ഡല്‍ഹിയില്‍ ചേരുമെന്നും സാഹചര്യം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് ആറുമണിയോടെ ഡല്‍ഹിയില്‍ ചേരും. സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും മറ്റും കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളോട് വിശദീകരിച്ചേക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും എതിര്‍ക്കുമെന്നും വ്യക്തമാക്കി പാകിസ്താൻ രംഗത്തെത്തിയിരുന്നു. ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ നേതാവ് സെയ്ഫുളള കസൂരിയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
പഹല്‍ഗാമിലെ ബൈസരണ്‍ വാലിയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഭീകരാക്രമണമുണ്ടായത്. പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്കുനേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ത്തുകയായിരുന്നു. 28 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍ഡ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
Content Highlights: terrorists should be given befitting reply says congress chief mallikarjun kharge