
May 29, 2025
03:10 PM
മുംബൈ: നടന്‍ സല്‍മാന്‍ ഖാനെതിരെയുള്ള ഭീഷണി സന്ദേശ പരമ്പരയിലും ട്വിസ്റ്റ്. സല്‍മാന്‍ ഖാനെതിരെയും തനിക്കെതിരെയും വധഭീഷണിയുണ്ടെന്ന് ആരോപിച്ച ഗാനരചയിതാവ് സൊഹൈല്‍ പാഷയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍ നിന്നെന്ന പേരില്‍ പാഷ തന്നെ വധഭീഷണിയുയര്‍ത്തുകയായിരുന്നു. പ്രശസ്തിക്ക് വേണ്ടി സൊഹൈല്‍ പാഷ തന്നെയുണ്ടാക്കിയ ഭീഷണിയാണിതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ലോറന്‍സ് ബിഷ്‌ണോയിയെ കുറിച്ച് താനെഴുതിയ ഗാനം പ്രശസ്തമാകണമെന്ന ആവശ്യമാണ് പാഷയുടെ ഭീഷണിക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സല്‍മാന്‍ ഖാന്റെ വരാനിരിക്കുന്ന സിനിമയിലെ ഗാനരചയിതാവാണ് സൊഹൈല്‍ പാഷ. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ റായ്ച്ചൂരില്‍ നിന്നാണ് സൊഹൈല്‍ പാഷയെ അറസ്റ്റ് ചെയ്തത്.
നവംബര്‍ ഏഴിനാണ് സല്‍മാന്‍ ഖാനും പാഷയ്ക്കുമെതിരെ സിറ്റി പൊലീസിന്റെ വാട്‌സ്ആപ് ഹെല്‍പ് ലൈനില്‍ വധ ഭീഷണി സന്ദേശം വരുന്നത്. അഞ്ച് കോടി രൂപ തന്നില്ലെങ്കില്‍ ഇരുവരെയും വധിക്കുമെന്നായിരുന്നു ഭീഷണി. ഗാനരചയിതാവിനെ പാട്ടെഴുതാന്‍ പറ്റാത്ത രീതിയിലുള്ള അവസ്ഥയിലാക്കുമെന്നും സല്‍മാന്‍ ഖാന് ധൈര്യമുണ്ടെങ്കില്‍ ഇരുവരെയും രക്ഷിക്കട്ടെയെന്നുമായിരുന്നു വധഭീഷണിയിലുണ്ടായിരുന്നത്. എന്നാല്‍ സന്ദേശമയച്ചത് പാഷ തന്നെയാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
സന്ദേശം വന്ന ലൊക്കേഷന്‍ റായ്ച്ചൂരാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒരു സംഘം കര്‍ണാടകയിലേക്ക് പോകുകയും ഫോണ്‍ നമ്പര്‍ ഉടമയായ വെങ്കടേഷ് നാരായണനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ വെങ്കടേഷിന്റെ ഫോണില്‍ ഇന്‍ര്‍നെറ്റ് ആക്‌സസ് ഇല്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നാല്‍ വെങ്കടേഷിന്റെ ഫോണില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഒരു ഒടിപി വന്നിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ നവംബര്‍ മൂന്നാം തീയതി ഒരു അപരിചിതന്‍ മാര്‍ക്കറ്റില്‍ വെച്ച് തന്നെ കാണാന്‍ വന്നെന്നും ഒരാളെ വിളിക്കാന്‍ ഫോണ്‍ തരുമോയെന്ന് ചോദിക്കുകയും ചെയ്തതായി വെങ്കടേഷ് പൊലീസിനോട് വ്യക്തമാക്കി.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ പാഷ വെങ്കടേഷിന്റെ ഫോണിലെ ഒടിപി ഉപയോഗിച്ച് തന്റെ ഫോണില്‍ വാട്‌സ്ആപ്പെടുത്തെന്ന് കണ്ടെത്തുകയും പാഷയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാഷയെ മുംബൈ കോടതിയില്‍ ഹാജരാക്കി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍ നിന്നും തുടര്‍ച്ചയായി വധഭീഷണികള്‍ വരുന്നതിനിടയിലാണ് ഈ വധഭീഷണിയും സല്‍മാന്‍ ഖാനെതിരെ ഉയര്‍ന്നുവന്നത്.
Content highlights: Salman Khan s Lyricist Sent Threats To Actor Arrested