വീണ്ടും 'മന് കീ ബാത്ത്'; പ്രധാനമന്ത്രി ജനങ്ങളുമായി സംവദിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില് മന്കി ബാത്ത് താല്കാലികമായി നിര്ത്തിവെച്ചിരിക്കുകയായിരുന്നു

dot image

ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മന് കീ ബാത്ത്' പ്രതിമാസ റേഡിയോ പരിപാടി ഇന്ന് പുനരാരംഭിക്കുന്നു. മൂന്നാം മോദി സര്ക്കാര് അധികാരത്തിലേറിയ ശേഷമുള്ള ആദ്യ പരിപാടി ഇന്ന് നടക്കും. ലോക്സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെബ്രുവരിയിലായിരുന്നു പരിപാടിയുടെ അവസാന സംപ്രേക്ഷണം. മോദിയുടെ ഔദ്യോഗിക 'എക്സ്' പോസ്റ്റിലൂടെയാണ് 'മന് കീ ബാത്ത്' പുനരാരംഭിക്കുന്ന വിവരം പങ്കുവെച്ചത്.

നിങ്ങളുടെ ആശയം 'നമോ ആപ്പി'ലൂടെയോ 1800 11 7800 എന്ന നമ്പറിലൂടെയോ രേഖപ്പെടുത്താന് മോദി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. നാളെ രാവിലെ എട്ടു മണിക്ക് ആകാശവാണി പ്രാദേശിക പതിപ്പുകളിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 25നാണ് 'മന് കി ബാത്തി'ന്റെ 110-ാമത് പതിപ്പോടെ താല്കാലികമായി നിര്ത്തിവെച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തോടെയായിരുന്നു ഇത്. മൂന്ന് മാസത്തിന് ശേഷം കൂടുതല് ഊര്ജത്തോടെ 'മന് കി ബാത്ത്' തുടരുമെന്നായിരുന്നു അന്ന് മോദി അറിയിച്ചത്.

ദേശീയ കാര്യങ്ങളടക്കം പ്രധാന വിഷയങ്ങള് ജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുന്ന റേഡിയോ പരിപാടിയാണ് 'മന് കീ ബാത്ത്' എല്ലാ മാസത്തിലെയും അവസാന ഞായറാഴ്ചയാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. 2014 ഒക്ടോബര് മൂന്നിന് തുടങ്ങിയ പരിപാടിയിലുടെ വയോധികര്, സ്ത്രീകള്, യുവാക്കള് എന്നിവരടക്കം നിരവധി പേരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി. 22 ഇന്ത്യന് ഭാഷകള്ക്കു പുറമേ, ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യന്, ടിബറ്റന്, ബര്മീസ്, ബലൂചി, അറബിക്, പഷ്തു, പേര്ഷ്യന്, ദാരി, സ്വാഹിലി തുടങ്ങിയ 11 വിദേശ ഭാഷകളിലും പരിപാടി സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ട്.

യുകെയില് ജോലിസ്ഥലത്ത് അപകടം, മലയാളി യുവാവിന് ദാരുണാന്ത്യം
dot image
To advertise here,contact us
dot image