ജയില്മോചിതനായി സഞ്ജയ് സിങ്; സ്വീകരിക്കാനെത്തിയത് നൂറ് കണക്കിന് പ്രവര്ത്തകര്

ആം ആദ്മി പാര്ട്ടി നേതാവും രാജ്യസഭാ എം പിയുമായ സഞ്ജയ് സിങ് ജയില്മോചിതനായി

ജയില്മോചിതനായി സഞ്ജയ് സിങ്; സ്വീകരിക്കാനെത്തിയത് നൂറ് കണക്കിന് പ്രവര്ത്തകര്
dot image

ഡല്ഹി: ആം ആദ്മി പാര്ട്ടി നേതാവും രാജ്യസഭാ എം പിയുമായ സഞ്ജയ് സിങ് ജയില്മോചിതനായി. ഡല്ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല് കേസിലായിരുന്നു അദ്ദേഹത്തെ എന്ഫോഴ്സ്മെന്റ് ഡയറക്റ്റേറ്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇതേ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി സ്ഥാപകനുമായ അരവിന്ദ് കെജ്രിവാൾ ഇഡി കസ്റ്റഡിയിൽ തുടരുകയാണ്.

ആറുമാസത്തോളമായി സഞ്ജയ് സിങ് ജയിലിലായിരുന്നു. ചൊവ്വാഴ്ചയാണ് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം നല്കിയത്. പുറത്തെത്തുന്ന സഞ്ജയ് സിങ്ങിനെ കാത്ത് നൂറുകണക്കിന് ആം ആദ്മി പ്രവര്ത്തകരാണ് തിഹാര് ജയില് പരിസത്ത് കാത്തുനിന്നിരുന്നത്. എന്നാൽ ആഘോഷത്തിനുള്ള സമയമല്ലെന്നും പോരാട്ടത്തിന് ഒരുങ്ങണമെന്നും പ്രവർത്തകരോട് സഞ്ജയ് സിങ് പറഞ്ഞു.

കെജ്രിവാളിന് പുറമെ ആം ആദ്മിയുടെ മുതിർന്ന നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും തിഹാർ ജയിലിൽ കഴിയുകയാണ്. എന്നാൽ ഒരിക്കൽ സത്യം പുറത്തുവരുമെന്നും തന്നെ പോലെ അവരും പുറത്തെത്തുമെന്നും സഞ്ജയ് സിങ് പറഞ്ഞു.

സുപ്രീംകോടതിക്കുമുന്നിൽ സഞ്ജയ് സിങ് നൽകിയ ജാമ്യാപേക്ഷയെ ഇ ഡി എതിര്ത്തിരുന്നില്ല. തുടർന്നായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി.ബി. വരലെ എന്നിവരുടെ സുപ്രീംകോടതി ബെഞ്ചാണ് ജാമ്യം നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്റ്റിലായ സഞ്ജയ് സിങ്ങിൽ നിന്ന് ഇഡി പണമൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ജസ്റ്റിസുമാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം ഒക്ടോബർ നാലിനാണ് സഞ്ജയ് സിങ്ങിനെ ഇ ഡി അറസ്റ്റുചെയ്തത്. കേസിൽ അറസ്റ്റിലായ എ എ പി നേതാക്കളിൽ ആദ്യമായാണ് ഒരാൾക്ക് ജാമ്യം ലഭിക്കുന്നത്.

ഡൽഹിയിലെ വസതിയിൽ നടത്തിയ പരിശോധനയ്ക്കു പിന്നാലെയായിരുന്നു സഞ്ജയ് സിങ്ങിനെ അറസ്റ്റുചെയ്തത്. മദ്യനയക്കേസിൽ അറസ്റ്റിലാകുകയും പിന്നീട് മാപ്പുസാക്ഷിയാകുകയും ചെയ്ത വ്യവസായി ദിനേശ് അറോറയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ ഡിയുടെ നടപടി. ദിനേശ് അറോറയുടെ കൈയിൽനിന്ന് രണ്ടുതവണയായി സഞ്ജയ്സിങ് രണ്ടുകോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയെന്നായിരുന്നു ഇ ഡി ആരോപിച്ചത്. എന്നാൽ ആറ് മാസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിലും റെയ്ഡിലും തെളിവൊന്നും കണ്ടെത്താൻ ഇഡിക്ക് കഴിഞ്ഞില്ല.

dot image
To advertise here,contact us
dot image