പ്രതിപക്ഷ ഉപനേതൃപദവി: പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

കേരളത്തിലെ സിപിഐഎം നേതാക്കൾ നടത്തുന്ന പരസ്യ പ്രസ്താവനയിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്

പ്രതിപക്ഷ ഉപനേതൃപദവി: പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി
dot image

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. പിണറായി വിജയൻ്റെ പ്രസ്താവന അനവസരത്തിലാണെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. ഇടത് ഐക്യത്തിന് വിള്ളൽ ഉണ്ടാക്കാൻ അവസരമൊരുക്കുന്ന നടപടിയാണ് പിണറായി വിജയൻ്റെ പ്രസ്താവനയെന്നാണ് കേന്ദ്ര നേതൃത്വം കാണുന്നത്. വിഷയത്തിൽ കേരളത്തിലെ സിപിഐഎം നേതാക്കൾ നടത്തുന്ന പരസ്യ പ്രസ്താവനയിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

നേരത്തെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട സിപിഐഎം അവലോകന റിപ്പോർട്ടിലും ഘടകകക്ഷികളെ വിശ്വാസത്തിലെടുത്ത് പോകേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പിഎ ശ്രീ വിഷയം ചൂണ്ടിക്കാണിച്ച് ഇത്തരം വിഷയങ്ങളിൽ എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്നത് അത്യന്താപേക്ഷിതമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പിഎം ശ്രീ വിഷയത്തിൽ സിപിഐ നിലപാട് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ. ഇത്തരം വിഷയങ്ങളിൽ എൽഡിഎഫിലെ എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്നത് അനിവാര്യമാണെന്നായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ വിലയിരുത്തൽ.

പ്രതിപക്ഷ ഉപനേത്യസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കും എന്ന പിണറായി വിജയൻ്റെ പ്രതികരണമാണ് സിപിഐ-സിപിഐഎം തർക്കത്തിന് വഴിവെച്ചത്. 'ഞാനാണ് കത്ത് കൊടുക്കേണ്ടത്. സിപിഐഎം നേതാവിന്റെ പേരാകും കത്തിലെന്നുമായിരുന്നു' പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉപനോതാവ് പദവിയുമായി ബന്ധപ്പെട്ട ചർച്ച അടഞ്ഞ ആധ്യായമാണെന്ന് നേരത്തെയും പിണറായി വിജയൻ പ്രതികരിച്ചിരുന്നു. കേട്ടുകേൾവി പോലുമില്ലാത്ത വിഷയത്തിൽ ചർച്ച വേണമെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയെന്നും പിണറായി വിജയൻ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിപിഐ നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നത്.

ഇതിനിടെ സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനം സിപിഐഎം നേതാക്കളെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എൻ മോഹനനും സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടിയും സിപിഐയെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തിയിരുന്നു. സിപിഐയുടെ സിപിഐഎമ്മിൻ്റെയും വർഗ്ഗബഹുജന സംഘടകളും ഈ വിഷയത്തിൽ പരസ്പരം വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിനും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട വാദപ്രതിദാവങ്ങളിൽ പങ്കുചേർന്നിരുന്നു.

Content Highlights: CPI(M) central leadership expresses strong displeasure over Pinarayi Vijayan’s statement regarding the Opposition Deputy Leader post, triggering political discussions within the party.

dot image
To advertise here,contact us
dot image