

റാന്നി: പത്തനംതിട്ട റാന്നിയില്‍ വെള്ളപ്പൊക്കത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് ധനസഹായം ലഭ്യമായില്ലെന്ന പരാതിയില്‍ പ്രതികരിച്ച് റവന്യൂ മന്ത്രി എ പി അനില്‍ കുമാര്‍. ഓണത്തിന് മുമ്പ് തന്നെ പരമാവധി വിതരണം ഉറപ്പാക്കിയിരിക്കുമെന്നാണ് മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ അറിയിച്ചത്. അടിയന്തരമായി പ്രഖ്യാപിച്ച പതിനായിരം രൂപ ധനസഹായം ഇതുവരെ ലഭ്യമായിട്ടില്ലെന്ന റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വെള്ളപ്പൊക്കമുണ്ടായ റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ മാത്രം 84 വീടുകളില്‍ വെള്ളം കയറിയിരുന്നു. എന്നാല്‍ ഇതുവരെ 35വീടുകളില്‍ മാത്രമാണ് പരിശോധന പൂര്‍ത്തിയായത്. പഴവങ്ങാടി പഞ്ചായത്തില്‍ മാത്രം അമ്പത്തേഴോളം കിണറുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വലിയ നഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരികള്‍ക്ക് ഉള്‍പ്പെടെ ധനസഹായം ലഭ്യമായിട്ടില്ല. അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നാണ് വ്യാപാരികളടക്കം ആവശ്യപ്പെടുന്നത്.
വെള്ളപ്പൊക്കമുണ്ടായി രണ്ടാഴ്ച പിന്നിടുമ്പോഴും പതിനായിരം രൂപ ലഭിച്ചിട്ടില്ലെന്നും ഇനി പ്രതീക്ഷയില്ലെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്. ശുചീകരണത്തിനായാണ് പതിനായിരം രൂപ അടിയന്തരമായി പ്രഖ്യാപിച്ചത്. പതിനേഴ് ദിവസം കഴിഞ്ഞിട്ടും അക്കൗണ്ടില്‍ പണം വന്നിട്ടില്ല. വില്ലേജ് അധികാരികള്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പോയതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും വ്യാപാരികളും ആരോപിച്ചിരുന്നു
'വീടുകള്‍ക്ക് അകത്ത് വെള്ളം കയറിയവര്‍ക്ക് ഉള്‍പ്പെടെയാണ് പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കുന്നത്. ക്യാമ്പിലുണ്ടായിരുന്നവരില്‍ ഭൂരിഭാഗവും വീട്ടില്‍ വെള്ളം കയറിയവരാണ്. വീടുകളില്‍ വെള്ളം കയറിയിട്ടും ക്യാമ്പിലെത്താത്തവരുമുണ്ട്. എല്ലാവരുടെയും കണക്കെടുത്താല്‍ 7000ത്തോളം വരും. ഇവരുടെ കൃത്യമായ കണക്കുകള്‍ ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിച്ചാല്‍ ഉടന്‍ തന്നെ നടപടിയുണ്ടാകും. അതിലൊരു സംശയവുമില്ല. ഓണത്തിന് മുമ്പ് തന്നെ പണം വിതരണം ചെയ്യാനുള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നതെ'ന്നും മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
അതേസമയം 2018ല്‍ പ്രളയമുണ്ടായപ്പോള്‍ വീടുകള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കിയതെന്നും ഇത്തവണ വ്യാപാര സ്ഥാപനങ്ങള്‍ക്കും നല്‍കുന്നുണ്ടെന്നും റാന്നി എംഎല്‍എ പഴകുളം മധു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഫോമുകള്‍ വിതരണം ചെയ്തിട്ടുണ്ട്. വെള്ളം കയറിയെന്ന സത്യവാങ്മൂലം നല്‍കുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം ഉറപ്പാക്കും. ഓണത്തിന് മുമ്പ് തന്നെ പണം നല്‍കാന്‍ ഒരു താമസവും ഉണ്ടാകില്ല. ഉദ്യോഗസ്ഥര്‍ എല്ലായിടവും പരിശോധിച്ച് ഉറപ്പുവരുത്തുന്ന കാലതാമസം മാത്രമേ ഉള്ളൂവെന്നും എംഎല്‍എ വ്യക്തമാക്കി.
Content Highlights: Revenue Minister said financial assistance for people who suffered losses in the Ranni floods will be distributed before Onam. The assistance is intended to support those affected by the flooding.