കുട്ടൻ, സുഭാഷ്, സുജിൻ…: കണ്ണൂരിൽ ആയങ്കിയെ സഹായിച്ചത് അര ഡസൻ സുഹൃത്തുക്കൾ; പൊലീസിനെ കബളിപ്പിക്കാൻ 'കാറോട്ടവും'

വ്യാഴാഴ്ച രാത്രിയോടെ തളിപ്പറമ്പിലെത്തിയ അര്‍ജുന്‍ അവിടെ മുറിയെടുത്തു

കുട്ടൻ, സുഭാഷ്, സുജിൻ…: കണ്ണൂരിൽ ആയങ്കിയെ സഹായിച്ചത് അര ഡസൻ സുഹൃത്തുക്കൾ; പൊലീസിനെ കബളിപ്പിക്കാൻ 'കാറോട്ടവും'
dot image

കണ്ണൂര്‍: കണ്ണൂരില്‍ ഒളിവില്‍ കഴിഞ്ഞ അര്‍ജുന്‍ ആയങ്കിയെ സഹായിച്ചത് അര ഡസന്‍ സുഹൃത്തുക്കള്‍. ജിതിന്‍ എന്ന കുട്ടന്‍, സുഭാഷ്, പ്രണവ്, സുജിന്‍, രാഹുല്‍ അടക്കമുള്ളവരാണ് അര്‍ജുന്‍ ആയങ്കിയെ സഹായിച്ചത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെ ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു അര്‍ജുന്‍ ആയങ്കി കണ്ണൂരില്‍ എത്തിയത്. ഇവിടെ അഴീക്കോട് സ്വദേശികളായ ജിതിന്‍ എന്ന കുട്ടനും സുഭാഷുമാണ് അര്‍ജുന്‍ ആയങ്കിക്കായി ഒളിത്താവളം ഒരുക്കിയത്. വ്യാഴാഴ്ച പകല്‍ അര്‍ജുന്‍ മട്ടന്നൂരിലെ പ്രണവിന്റെ ജോലി സ്ഥലത്ത് എത്തി. എന്നാല്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയില്ല. മണിക്കൂറുകളോളമാണ് അര്‍ജുന്‍ ഇവിടെ കാറില്‍ ചെലവഴിച്ചത്.

വ്യാഴാഴ്ച രാത്രിയോടെ തളിപ്പറമ്പിലെത്തിയ അര്‍ജുന്‍ അവിടെ മുറിയെടുത്തു. സുജിന്‍ എന്ന സുഹൃത്താണ് തളിപ്പറമ്പില്‍ അര്‍ജുന് സഹായം നല്‍കിയത്. ശനിയാഴ്ച തളിപ്പറമ്പില്‍ ഓട്ടോയില്‍ കറങ്ങി. ചുടലയില്‍ നിന്ന് രാഹുല്‍ എന്ന സുഹൃത്തിന്റെ ചുവന്ന നെക്‌സോണ്‍ കാറില്‍ കണ്ണൂരില്‍ എത്തി. മൂന്നിലധികം കാറുകളാണ് അര്‍ജുന്‍ മാറി മാറി ഉപയോഗിച്ചത്. സ്ഥിരം സഞ്ചരിക്കുന്ന പ്രണവിന്റെ കാര്‍ പൊലീസിന്റെ കബളിപ്പിക്കാന്‍ വെറുതെ നഗരത്തിലൂടെ സഞ്ചരിക്കുകയും ചെയ്തു.

അതേസമയം അര്‍ജുന്‍ ആയങ്കിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ പൊലീസ് ചോദ്യം ചെയ്തത് 30 പേരെയാണെന്നുള്ള വിവരവും പുറത്തുവന്നു. പൊലീസിന് ലഭിച്ച 25 രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ചോദ്യം ചെയ്തത്. അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റിന് ശേഷം വീടുകളില്‍ പരിശോധന നടത്തിയതിനെ സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വിമര്‍ശിച്ചിരുന്നു. മല്ലപ്പള്ളി കാട്ടാമലയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ അടക്കമായിരുന്നു അര്‍ജുന്‍ ആയങ്കിക്കായി പരിശോധന നടന്നത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഞായറാഴ്ചയായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ്. ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ശേഷം കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നാണ് അര്‍ജുനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷം അര്‍ജുനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Content Highlights- Police investigation in Kannur has identified around half a dozen friends who allegedly helped Arjun Ayanki. According to the report, Kutten, Subhash and Sujin are among those named, while car movements were allegedly used to mislead the police

dot image
To advertise here,contact us
dot image