

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് ആണ് കൊല്ലപ്പെട്ടത്. 28 വയസായിരുന്നു. ബന്ധുവായ റോബിന്‍ (26) ആണ് മനീഷിനെ കൊലപ്പെടുത്തിയത്.
ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം നടന്നത്. റോബിനും ഭാര്യയും ഏറെ നാളായി അകന്നുകഴിയുകയായിരുന്നു. റോബിനൊപ്പമായിരുന്ന കുഞ്ഞിനെ കാണുന്നതിനായി ഭാര്യ റോബിന്‍ താമസിക്കുന്ന വാടക വീട്ടില്‍ എത്തിയിരുന്നു. മനീഷിനൊപ്പമായിരുന്നു റോബിൻ്റെ ഭാര്യ എത്തിയത്. ഇത് റോബിനെ പ്രകോപിപ്പിച്ചു. ഭാര്യയുമായി മനീഷിന് ബന്ധമുണ്ടെന്ന് ആരോപിച്ച് റോബിന്‍ ആക്രമിക്കുകയായിരുന്നു. അടുക്കളയില്‍ നിന്ന് കത്തി എടുത്ത് മനീഷിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു.
ഉടന്‍ തന്നെ സമീപവാസികള്‍ എത്തി മനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. റോബിന്‍ ഒളിവിലാണ്.
Content Highlights- A youth was allegedly killed after being stabbed by a relative in Alappuzha.