

കണ്ണൂര്‍: സിപിഐഎം പാര്‍ട്ടി നേതൃത്വത്തിനെതിരായ വിധിയാണ് പയ്യന്നൂരിലേതെന്ന് വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍. പയ്യന്നൂരിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭൂരിപക്ഷവും താന്‍ പറഞ്ഞത് അംഗീകരിച്ചെന്നും നേതൃത്വത്തെ തിരുത്താന്‍ അണികള്‍ സന്നദ്ധരായെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സിപിഐഎം വോട്ടുകള്‍ നല്ല നിലയില്‍ ലഭിച്ചെന്നും ഒന്നാം റൗണ്ടില്‍ തന്നെ ട്രെന്‍ഡ് മനസിലാക്കാന്‍ കഴിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒരു ചുക്കും സംഭവിക്കില്ലെന്ന പിണറായി വിജയന്റെ പരാമര്‍ശം അദ്ദേഹത്തിന്റെ സ്ഥിരം ശൈലി എന്നതിനപ്പുറം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരില്‍ പുതിയ കൂട്ടായ്മയ്ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനാ രൂപമില്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും സംസ്ഥാന തലത്തില്‍ അതുസംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. പലരും ബന്ധപ്പെടുന്നുണ്ട്. ആദ്യം പയ്യന്നൂരില്‍ അത്തരമൊരു കൂട്ടായ്മ വളര്‍ത്തിയെടുക്കുമെന്ന് വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
നേതൃത്വത്തെ അണികൾ തിരുത്തണം എന്നാണ് തന്റെ പുസ്തകത്തിന്റെ പേരെന്നും അതിന് പയ്യന്നൂരിലെ ജനങ്ങൾ തയ്യാറായി എന്നതാണ് തന്റെ വിജയം വ്യക്തമാക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഡിഎഫിന്റെ പിന്തുണയും ഇടതുപക്ഷത്ത് താൻ ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പിന്തുണയും കൂടിച്ചേർന്നതോടെയാണ് വിജയിച്ചതെന്നും ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിർവഹിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്തുണ്ടായ യുഡിഎഫ് തരംഗത്തില്‍ പ്രധാന ഇടതുകോട്ടകളെല്ലാം തകര്‍ന്നടിയുകയായിരുന്നു. ചരിത്രത്തില്‍ ഇതുവരെ സിപിഐഎം പരാജയം കണ്ടിട്ടില്ലാത്ത പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണന്‍ വിജയിച്ചു. സിപിഐഎം സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനനെ 7487 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കുഞ്ഞികൃഷ്ണന്റെ ജയം. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ടി ഐ മധുസൂദനനായിരുന്നു ലീഡ്. എന്നാല്‍ റൗണ്ടുകള്‍ പുരോഗമിക്കവെ മധുസൂദനന്റെ ലീഡ് കുറയുകയും എട്ടാം റൗണ്ട് മുതല്‍ കുഞ്ഞികൃഷ്ണന്‍ ലീഡെടുക്കുകയുമായിരുന്നു. 14 റൗണ്ടും എണ്ണിക്കഴിയുമ്പോഴേക്കും കൃത്യമായ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു. വി കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമാണ് പയ്യന്നൂരില്‍ സിപിഐഎമ്മിന് വിനയായത്. മധുസൂദനനെ മത്സരിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചതോടെയാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്.
Content Highlights: Election results in Payyannur is against the cpim party leadership says V Kunjikrishnan