

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയില്‍ വിശദീകരണവുമായി കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുല്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതല്‍ പലവിധത്തില്‍ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണെന്നും ഇത് അല്‍പ്പം കടന്ന കയ്യായിപോയെന്നും അതുല്‍ പറയുന്നു. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റുരീതിയില്‍ വ്യാഖ്യാനിച്ച് മുന്നോട്ടുപോകുന്നത് ശരിയാണോയെന്ന് കാലം തെളിയിക്കും എന്ന് അതുല്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം.
'ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനില്‍ തല്‍ക്കാലം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും.
കോടതി നീതി ഉറപ്പാക്കട്ടെ', എന്നും എം സി അതുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും വിവാഹവാഗ്ദാനം നല്‍കി പണം വാങ്ങി വഞ്ചിച്ചെന്നുമുള്ള യുവതിയുടെ പരാതിയിലാണ് അതുലിനെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തത്. കെഎസ്‌യു പ്രവര്‍ത്തകയായ യുവതിക്ക് 2018 മുതല്‍ അതുലുമായി സൗഹൃദമുണ്ട്. ഈ വര്‍ഷം ഒരു യാത്രയ്ക്കിടെയാണ് ഇത്തരത്തില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
കെഎസ്‌യു പ്രവര്‍ത്തകയായ യുവതി പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതോടെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടന്നെന്നും പരാതിയില്‍ ചൂണ്ടാക്കാട്ടുന്നു. മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും യുവതി നല്‍കിയ പരാതിയിലാണ് വനിതാ പൊലീസ് കേസെടുത്തത്. വിവിധ സമയങ്ങളിലായി 1,60,000 രൂപയാണ് അതുലിന് യുവതി നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
വാർത്തകളും പരാതിയും കണ്ടു.
വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതൽ പലവിധത്തിൽ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്.
`നിന്നെ ഫിനിഷ് ചെയ്യും' എന്നാണ് അടക്കം പറിച്ചിൽ.
എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്.
പക്ഷേ ഇത് അല്പം കടന്ന കയ്യായ്പ്പോയി.
ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല.
വിവിധ ക്യാമ്പസുകളിൽ സംഘടനാ പ്രവർത്തനം നടത്തി പല വിദ്യാർഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയിൽ അവർക്കൊക്കെ എൻ്റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നാണ് കരുതുന്നത്.
സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും.
ഒരുപാട് ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നിന്നും കടം മേടിച്ചും തിരിച്ചു കൊടുത്തും പല സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെ പൊതുപ്രവർത്തനം നടത്തി മുന്നോട്ട് പോകുന്ന സാധാരണക്കാരനാണ് ഞാനും.
ഇപ്പോഴും കടവും ലോണുകളുമല്ലാതെ വ്യക്തിപരമായി ഈ പൊതുപ്രവർത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല.
വേദനകളും
യാതനകളും
പ്രതിസന്ധികളും അനവധി ഉണ്ടായിട്ടുണ്ടെങ്കിലും
ഈ പൊളിറ്റിക്സിൽ നിലനിൽക്കാൻ പ്രേരിപ്പിക്കുന്നത് ഇതിനോടുള്ള പാഷനും കോൺഗ്രസിൻ്റെ ലെഗസിയുമാണ്.
കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിൻ്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനിൽ തൽക്കാലം ചർച്ചയാക്കാൻ ഉദ്ദേശിക്കുന്നില്ല. (കേസിനെ ബാധിക്കുന്നത് കൊണ്ട്).
ബാങ്ക് സ്റ്റേറ്റ്മെൻ്റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും.
കോടതി നീതി ഉറപ്പാക്കട്ടെ.
കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും തുടരുന്നവരുടെ ഉദ്ദേശം മറ്റൊന്നാണല്ലോ.
അവർക്ക് വിശദീകരണങ്ങളും പോരാതെ വരും.
Content Highlights: ksu leader mc athul reaction over case