

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ 54 റൺസിന്റെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് പഞ്ചാബ് കിംഗ്സ്. ഇതോടെ ഐപിഎൽ 2026 സീസണിൽ പഞ്ചാബ് കിംഗ്സ് അപരാജിത കുതിപ്പ് തുടരുകയാണ്. സീസണിലെ ആറ് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒരു പരാജയം പോലും ശ്രേയസ് അയ്യരും സംഘവും വഴങ്ങിയിട്ടില്ല.
ഇതോടെ ഐപിഎൽ ചരിത്രത്തിലെ അപൂർവ റെക്കോർഡ് കൂടിയാണ് പഞ്ചാബ് കിംഗ്സിന്റെ പേരിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നത്. ഐപിഎല്ലിൽ തുടക്കം മുതൽ തോൽവി അറിയാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പൂർത്തിയാക്കിയ ടീമെന്ന നേട്ടമാണ് പഞ്ചാബ് കൈവരിച്ചു. സ്വന്തം പേരിലെഴുതിച്ചേർക്കപ്പെട്ട റെക്കോർഡാണ് ഈ ചരിത്രനേട്ടത്തിലൂടെ പഞ്ചാബ് മറികടന്നത്. 2014 ൽ പഞ്ചാബും 2015 ൽ രാജസ്ഥാനും സ്വന്തമാക്കിയ തോൽവിയറിയാതെ അഞ്ച് മത്സരങ്ങൾ എന്ന റെക്കോർഡാണ് പഞ്ചാബ് കിംഗ്സ് ഇപ്പോൾ തകർത്തിരിക്കുന്നത്.
സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചാണ് പഞ്ചാബ് തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് ശ്രേയസ് അയ്യരും സംഘവും തോൽപ്പിച്ചു. കൊൽക്കത്തയ്ക്കെതിരായ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ആറ് വിക്കറ്റിനും മുംബൈയ്‌ക്കെതിരെ ഏഴ് വിക്കറ്റിനുമായിരുന്നു പഞ്ചാബിന്റെ ജയം. ഇന്നലെ നടന്ന ലഖ്‌നൗവിനെതിരായ മത്സരത്തിൽ 54 റൺസിന്റെ ജയം സ്വന്തമാക്കാനും പഞ്ചാബിന് സാധിച്ചു.
Content Highlight: Longest Unbeaten Streak in IPL History, Punjab Kings break own Record in 2014