ബി ഗോപാലകൃഷ്ണന് ആശ്വാസം; നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു

വര്‍ഗീയ പ്രസ്താവനയില്‍ ഗോപാലകൃഷ്ണനെതിരെ കേസ് എടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി.

ബി ഗോപാലകൃഷ്ണന് ആശ്വാസം; നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു
dot image

തൃശൂര്‍: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ നാമനിര്‍ദ്ദേശ പത്രിക സൂക്ഷ്മ പരിശോധനക്ക് ശേഷം സ്വീകരിച്ചു. എതിര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എതിര്‍ത്തെങ്കിലും റിട്ടേണിങ് ഓഫീസര്‍ പത്രിക സ്വീകരിച്ചു. ശിക്ഷിച്ചാല്‍ മാത്രമേ പത്രിക സ്വീകരണത്തിന് തടസ്സമുള്ളൂവെന്ന് വരണാധികാരി അറിയിച്ചു.

ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ബി ഗോപാലകൃഷ്ണന്റെ ഹിന്ദു എംഎല്‍എ പരാമര്‍ശം വിവാദമായതോടെ ബിജെപി കരുതലെടുത്തിരുന്നു. ഗോപാലകൃഷ്ണന് പുറമെ ഡമ്മി സ്ഥാനാര്‍ത്ഥിയെക്കൂടി ബിജെപി രംഗത്തിറക്കിയിരുന്നു. തൃശൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറിയായ കെ.ആര്‍. ബൈജുവാണ് ഡമ്മി സ്ഥാനാര്‍ത്ഥി.

വര്‍ഗീയ പ്രസ്താവനയില്‍ ഗോപാലകൃഷ്ണനെതിരെ കേസ് എടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്. വോട്ട് തേടുന്നതിന് വേണ്ടി മത സാമുദായിക വികാരങ്ങള്‍ ഉപയോഗിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞിരുന്നു.

ഗുരുവായൂരില്‍ വര്‍ഷങ്ങളായി ഹിന്ദു എംഎല്‍എ ഇല്ല എന്ന ഗോപാലകൃഷ്ണന്റെ പരാമര്‍ശം വലിയ വിവാദമാണ് ഉണ്ടാക്കിയത്. 'അന്തര്‍ദേശീയ തീര്‍ത്ഥാടനകേന്ദ്രമായ ഗുരുവായൂരില്‍ എന്തുകൊണ്ട് ഹിന്ദു എംഎല്‍എ ഉണ്ടായില്ല. കൊടുങ്ങല്ലൂര്‍ അമ്മയുടെ നടയില്‍ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാന്‍ ഗുരുവായൂരപ്പന്‍ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഇല്ല. ഇടതനും വലതനും ഹിന്ദു സമൂഹത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ പോലും നിര്‍ത്തുന്നില്ല' എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

Content Highlights: B Gopalakrishnan’s nomination papers officially accepted

dot image
To advertise here,contact us
dot image