

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ 200 കോടി രൂപയുടെ സ്വത്ത് മറച്ചുവെച്ചതിൽ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകി നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥൻ. ഗുരുതരമായ ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നുപറഞ്ഞാണ് പരാതി നൽകിയത്. പിന്നാലെ രാജീവ് ചന്ദ്രശേഖറിന്റെ സൂക്ഷ്മ പരിശോധന തത്കാലം മാറ്റിവെച്ചു.
ബിജെപിയെ അനുഗഹിക്കാൻ ഉത്തർപ്രദേശിൽ നിന്ന് അഘോരികൾ വന്നതിനെക്കുറിച്ചും ശബരിനാഥൻ അഭിപ്രായപ്പെട്ടു. സ്വാമിമാർ വന്നുപോകട്ടെ എന്നും താൻ വോട്ടർമാരെയാണ് കാണുന്നത് എന്നും ശബരിനാഥൻ പറഞ്ഞു. വന്ന സ്വാമിമാർ യോഗിയുടെ യുപിയെക്കുറിച്ചാണ് പറഞ്ഞത്. ഇതാണ് തനിക്ക് രാജീവ് ചന്ദ്രശേഖറോട് പറയാൻ ഉള്ളത് എന്നും ശബരിനാഥൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിൽ ബിജെപിയുടെ സീൽ കണ്ടതിനെയും ശബരിനാഥൻ വിമർശിച്ചു. ഇലക്ഷൻ കമ്മീഷന്റെ സീൽ ബിജെപി ഓഫീസിലാണോ എന്നും ഗുരുതരമായ വിഷയമാണ് എന്നും ശബരിനാഥൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മറച്ചുവെച്ചതായി നിലവിൽ ഒരു പരാതിയുണ്ട്.. കോൺഗ്രസ് ആണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ബെംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവെച്ചതായാണ് പരാതി.നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ.
കോറമംഗല തേർഡ് ബ്ലോക്കിലുള്ള 49000 അടി വിസ്‌തീർണമുള്ള പടുകൂറ്റൻ ബംഗ്ലാവ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ല എന്നാണ് പരാതി. നികുതി രേഖകൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എന്നും ഭൂമിവില ചതുരശ്ര അടിക്ക് 35000 മുതൽ 50000 രൂപ വരെയാണെന്നും കോൺഗ്രസ് 'എക്സ്' പോസ്റ്റിൽ പറയുന്നു.
Content Highlights: Congress leader K S Sabarinathan has alleged that Rajeev Chandrasekhar concealed assets worth ₹200 crore in his election affidavit and announced plans to file a formal complaint. He described the allegation as serious and stated that the complaint would be submitted during the scrutiny phase of the nomination process.