

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്രനായി മത്സരിക്കും. ഐഎൻഎൽ, സിപിഐഎം നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും.
മഞ്ചേശ്വരത്താണ് ഷാനവാസ് പാദൂരിനെ ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്നത്. എന്നാൽ മറ്റ് ചില രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി അത് വേണ്ടെന്ന് സിപിഐഎം തീരുമാനിക്കുകയായിരുന്നു. പിന്നീട് കാസർകോട് മത്സരിക്കണമെന്ന് ഷാനവാസ് പാദൂരിനോട് സിപിഐഎം ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനോട് അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. നിലവിൽ ഐഎൻഎല്ലിന്റെ സീറ്റാണ് കാസർകോട്. ഷാനവാസ് പാദൂരാണ് മത്സരിക്കുന്നതെങ്കിൽ സീറ്റ് നൽകാൻ തയ്യാറാണെന്ന് ഐഎൻഎൽ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ
ചർച്ചയിലാണ് കാസർകോട്ടെ സീറ്റിൽ തീരുമാനമായത്.
യുഡിഎഫിനായി കല്ലട്ര മാഹിൻ ഹാജിയും എൻഡിഎ സ്ഥാനാർത്ഥിയായി എം എൽ അശ്വിനിയുമാണ് കാസർകോട് മത്സരിക്കുന്നത്. വർഷങ്ങളായി മുസ്‌ലിം ലീഗിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് കാസർകോട്. എൻ എ നെല്ലിക്കുന്നാണ് 2011 മുതൽ കാസർകോട് മണ്ഡലം എംഎൽഎ.
Content Highlights: Shanavas Padhoor will contest as an ldf independent at Kasaragod constituency in the assembly elections.