'രണ്ട് ആപ്പുകളിൽ നിന്നായി 40,000 രൂപയാണ് അവൻ ലോൺ എടുത്തത്, പണം തിരിച്ചടയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല'

'ട്രൂകോളറില്‍ പരിശോധിച്ചതില്‍ നിന്ന് ബിഹാര്‍, രാജസ്ഥാന്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് കോളുകള്‍ വരുന്നതെന്നാണ് മനസിലായത്'

'രണ്ട് ആപ്പുകളിൽ നിന്നായി 40,000 രൂപയാണ് അവൻ ലോൺ എടുത്തത്, പണം തിരിച്ചടയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല'
dot image

തിരുവനന്തപുരം: ആര്യനാട് ലോണ്‍ ആപ്പ് ഭീഷണിയെ തുടര്‍ന്ന് 21കാരനായ ആനന്ദ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് ബന്ധു അജിത്ത്. രണ്ട് ലോണ്‍ ആപ്പുകളില്‍ നിന്നായി 19,000, 21,000 രൂപയാണ് ആനന്ദ് ലോണ്‍ എടുത്തതെന്ന് ബന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ലോണ്‍ തിരിച്ചടയ്ക്കാന്‍ അവന്‍ പരമാവധി ശ്രമിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത്. എന്നാല്‍ സാധിച്ചില്ല. പെട്ടെന്നുണ്ടായ പ്രയാസത്തെ തുടര്‍ന്നാണ് അവന്‍ അങ്ങനെ ഒരു കടുംകൈ ചെയ്തതെന്നും ബന്ധു പറഞ്ഞു.

ആനന്ദ് ലോണ്‍ എടുത്ത വിവരം വീട്ടില്‍ ആര്‍ക്കും അറിയില്ലായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ലോണ്‍ എടുത്തതെന്നാണ് അവന്‍ സുഹൃത്തുക്കളോട് പറഞ്ഞതായി അറിയാന്‍ കഴിഞ്ഞത്. അതിനപ്പുറത്തേയ്ക്ക് കൂട്ടുകാര്‍ ഒന്നും പറയുന്നില്ല. ഒരു ടയര്‍ ഷോപ്പില്‍ അവന്‍ ജോലിക്ക് പോയിരുന്നു. സംഭവ ദിവസം രാവിലെ മുതല്‍ അവന്റെ ഫോണിലേക്ക് തുടരെ കോള്‍ വന്നിരുന്നതായി കൂട്ടുകാര്‍ പറഞ്ഞു. അന്ന് 30,000 രൂപ കൊടുത്തില്ലെങ്കില്‍ അമ്മയുടെയും സഹോദരിയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയയ്ക്കുമെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി മെസേജുകളും അയച്ചിരുന്നു. അത് അവന്റെ ഫോണിലുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിനോട് പറഞ്ഞുനില്‍ക്കാനൊന്നും കഴിവുള്ള ആളല്ല ആനന്ദ്. 21 വയസേ അവനുള്ളൂ. നല്ല രീതിയില്‍ പഠിച്ചിരുന്ന ആളായിരുന്നു ആനന്ദ്. വീട്ടില്‍ ചില പ്രയാസങ്ങള്‍ വന്നതോടെയാണ് അവന്‍ ജോലിക്ക് കയറിയതെന്നും അജിത്ത് പറഞ്ഞു.

മാര്‍ച്ച് നാലിന് ഉച്ചയ്ക്കാണ് അവന്‍ ആസിഡ് കുടിക്കുന്നത്. ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു മരണം സംഭവിച്ചത്. കടയുടെ പിന്‍ഭാഗത്ത് വെച്ചാണ് അവന്‍ ആസിഡ് കുടിച്ചതെന്നാണ് മനസിലാക്കുന്നത്. റബ്ബര്‍ പാലില്‍ ഒഴിക്കുന്ന ഫോമിക് ആസിഡാണ് അവന്‍ കുടിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ആസിഡ് എവിടെ നിന്നാണ് വാങ്ങിയത് എന്നതിനെ കുറിച്ച് ഒരറിവുമില്ലെന്നും അജിത്ത് പറഞ്ഞു. അവന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ മുന്‍പും പരാതി ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. സൈബര്‍ സെല്ലില്‍ പരാതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നും ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നുള്ള മെസേജുകള്‍ വന്നിട്ടുണ്ട്. അവന്റെ ഫോണ്‍ അവന്‍ ഹാക്ക് ചെയ്തിട്ടുണ്ട്. ഫോണിലുള്ള കോണ്‍ടാക്റ്റ് ലിസ്റ്റ് അവര്‍ അയച്ചുകൊണ്ടിരിക്കുകയാണ്. ട്രൂകോളറില്‍ പരിശോധിച്ചതില്‍ നിന്ന് ബിഹാര്‍, രാജസ്ഥാന്‍, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് കോളുകള്‍ വരുന്നതെന്നാണ് മനസിലായതെന്നും അജിത്ത് വ്യക്തമാക്കി.

Content Highlights- A relative of Anand revealed that he had borrowed Rs 40,000 from two mobile loan applications.

dot image
To advertise here,contact us
dot image