ശബരിമല സ്വർണക്കൊള്ള; പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി

മതിയായ കാരണങ്ങളില്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നായിരുന്നു പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്

ശബരിമല സ്വർണക്കൊള്ള; പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി, എഫ്ഐആർ റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി
dot image

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടി. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദ്വാരപാലക പാളി കേസില്‍ ഒന്‍പതാം പ്രതിയും കട്ടിളപ്പാളി കേസില്‍ 12-ാം പ്രതിയുമാണ് പങ്കജ് ഭണ്ഡാരി. നേരത്തെ ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് എ ബദറുദീന്‍ ഇന്ന് വിധി പറയുകയായിരുന്നു. മതിയായ കാരണങ്ങളില്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നായിരുന്നു പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഹര്‍ജിയിലെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.

എസ്‌ഐടി സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തിയ 109.234 ഗ്രാം സ്വര്‍ണം സ്വമേധയാ കൈമാറിയതാണെന്നും അറസ്റ്റിന് മുന്‍പ് ആറ് തവണ ചോദ്യം ചെയ്യലിന് ഹാജരായിരുന്നെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കേസിലെ പ്രധാന പ്രതിയായ പങ്കജ് ഭണ്ഡാരിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു എസ്‌ഐടി വാദം. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയായിരുന്നു.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിക്കല്‍ തുടരുകയാണ്. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജകള്‍ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വര്‍ണപ്പാളികളില്‍ നിന്ന് സാമ്പിളുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. ഇന്നലെ ശ്രീകോവിലിന് പിന്‍ഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്. പിന്നീട് ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു.

ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്മെന്റ് വിഭാഗവും എസ്ഐടിക്കൊപ്പമുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവ്, കാലപ്പഴക്കം എന്നിവയില്‍ വ്യക്തത വരുത്തുകയാണ് എസ്ഐടിയുടെ ലക്ഷ്യം. വിശദമായ തെളിവ് ശേഖരണത്തിന് ശേഷം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും.

Content Highlight; Sabarimala Gold Theft Case: HC Rejects Smart Creations CEO Pankaj Bhandari’s Plea to Quash FIR

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us