

ലക്നൗ: ഉത്തര്‍പ്രദേശില്‍ ദുരഭിമാനക്കൊല. മൊറാദാബാദിലെ 27കാരനായ മുസ്ലിം യുവാവിനെയും 22കാരിയായ ഹിന്ദു യുവതിയെയും കെട്ടിയിട്ട് വെട്ടിക്കൊന്നു. യുവതിയുടെ മൂന്ന് സഹോദരങ്ങളാണ് ഇരുവരെയും കൊലപ്പെടുത്തിയത്. അര്മാന്, കാജള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അര്മാന് കുറച്ച് മാസങ്ങളായി മൊറാദാബാദിലാണ് താമസം. ഇക്കാലയളവില്‍ കാജളിനെ പരിചയപ്പെടുകയും ഇരുവരും പ്രേമത്തിലാകുകയുമായിരുന്നു. മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനെ പ്രണയിക്കുന്നതിനെ കാജളിന്റെ സഹോദരങ്ങള്‍ എതിര്‍ത്തിരുന്നു. പ്രണയം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അര്‍മാനെയും കാജളിനെയും കാണാതാവുകയായിരുന്നു. തുടര്‍ന്ന് അര്‍മാന്റെ പിതാവ് ഹനീഫ് പൊലീസില്‍ പരാതി നല്കി. അന്വേഷണത്തില്‍ കാജളിനെയും കാണാനില്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കാജളിന്റെ സഹോദരങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ഇരുവരെയും കൊലപ്പെടുത്തിയെന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലവും സഹോദരങ്ങള്‍ പൊലീസിന് കാണിച്ചു കൊടുത്തി. ഇന്നലെ വൈകിട്ട് മൃതദേഹങ്ങള്‍ പൊലീസ് പുറത്തെടുപ്പിച്ചു. കൊല്ലുന്നതിന് മുമ്പ് അര്‍മാന്റെയും കാജളിന്റെയും കൈകളും കാലുകളും തങ്ങള്‍ കെട്ടിയിട്ടുവെന്നും സഹോദരങ്ങള്‍ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മൂന്ന് സഹോദരങ്ങള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് സത്പാല്‍ അന്തില്‍ പറഞ്ഞു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കൊലപാതകം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കാതിരിക്കാന്‍ കനത്ത സുരക്ഷ ഏര്‍പ്പെടാക്കിയിട്ടുണ്ടെന്നും സത്പാല്‍ വ്യക്തമാക്കി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. എന്നാല്‍ അര്‍മാനും കാജളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവില്ലെന്ന് അര്‍മാന്റെ കുടുംബം പറഞ്ഞു.
Content Highlights: An honor killing incident has been reported in Uttar Pradesh