

ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടി-20യിൽ ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയിരുന്നു. നാഗ്പൂരിൽ നടന്ന മത്സരത്തിൽ 48 റൺസിനാണ് സൂര്യകുമാർ യാദവും സംഘവും വിജയം സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലാൻഡിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.
35 പന്തിൽ 84 റൺസ് നേടിയ അഭിഷേക് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഓപ്പണിങ് ഇറങ്ങി വെടിക്കെട്ട് നടത്തിയ താരം എട്ട് സിക്‌സറും അഞ്ച് ഫോറുമാണ് അടിച്ചത്. ഫിനിഷിങ് ലൈനിൽ റിങ്കു സിങ്ങും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ഏഴാം നമ്പറിൽ ക്രീസിലെത്തി 20 പന്തിൽ 44 റൺസ് റിങ്കു നേടിയിരുന്നു. താരത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.
റിങ്കുവിന് വല്ലപ്പോഴാണ് അവസരം ലഭിക്കുന്നതെന്നും എന്നാൽ അത് ലഭിക്കുമ്പോഴെല്ലാം അത് മുതലാക്കി മനസ് കീഴടക്കുമെന്നും ഭാജി പറഞ്ഞു. 'റിങ്കു സിങ്ങിന്റെ പ്രകടനത്തെ പ്രശംസിക്കേണ്ടതുണ്ട്, വളരെക്കാലത്തിനു ശേഷമാണ് ആ പാവത്തിന് അവസരം ലഭിച്ചത്, അവൻ അത് പരമാവധി പ്രയോജനപ്പെടുത്തി. അവസരം ലഭിക്കുമ്പോഴെല്ലാം, അവൻ വളരെ കഠിനാധ്വാനിയായ കളിക്കാരനാണ്, അവസരം ഒരിക്കലും നഷ്ടപ്പെടുത്താറില്ല. കളിക്കുമ്പോഴെല്ലാം അവൻ ഹൃദയം കീഴടക്കുന്നു,' ഹർഭജൻ സിങ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
Content Highlights- The poor guy got a chance after a long time" - Harbhajan Singh's huge remark on Team India star