

പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരെ യുഡിഎഫുമായി സഹകരിക്കുന്ന നാഷണല്‍ ജനതാദള്‍. ഷാഫി പറമ്പില്‍ ഇടപെട്ട് സീറ്റ് നഷ്ടപ്പെടുത്തിയെന്ന് നാഷണല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജോണ്‍ ജോണ്‍ ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ യുഡിഎഫ് സീറ്റ് നല്‍കിയെന്നും 32ാം വാര്‍ഡില്‍ മത്സരിക്കാന്‍ മുസ്‌ലിം ലീഗ് പിന്തുണച്ചെന്നും ജോണ്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ആദ്യം സീറ്റ് നല്‍കാമെന്ന് ഷാഫി പറഞ്ഞെന്നും ഗ്രൂപ്പ് കളിക്കാന്‍ വേണ്ടി അവസാനം സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിയെന്നും ജോണ്‍ ജോണ്‍ അവകാശപ്പെട്ടു. 'യുഡിഎഫിന്റെ അല്ല, ഷാഫിയുടെ മാത്രം നിലപാടിലാണ് സീറ്റ് നഷ്ടമായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കും. യുഡിഎഫ് നേതാക്കളില്‍ നിന്ന് സീറ്റ് സംബന്ധിച്ച ഉറപ്പ് ലഭിച്ചിട്ടുണ്ട്. എലത്തൂരില്‍ യുവ നേതാവിനെയായിരിക്കും മത്സരിപ്പിക്കുക', അഡ്വ.ജോണ്‍ ജോണ്‍ പറഞ്ഞു.
അതേസമയം കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന് പ്രസക്തിയില്ലെന്ന് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. അവരില്ലെങ്കിലും ജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുതെന്നും മോന്‍സ് ജോസഫ് കൂട്ടിച്ചേര്‍ത്തു.
'രാഷ്ട്രീയമായി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം അടിസ്ഥാനരഹിതമാണ്. ആരാണ് ഇവരെ ക്ഷണിക്കുന്നത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നല്ലതല്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി പറഞ്ഞു. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നും ഇല്ലാതെയല്ലേ ഇത്ര വലിയ വിജയമുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു. അവരില്ലാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് കരസ്ഥമാക്കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അധികാരത്തില്‍ വരണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. നിശ്ചയമായും ഈ കക്ഷികളില്ലാതെ തന്നെ വരും. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ സ്വാധീനമേഖലകളെല്ലാം യുഡിഎഫ് തൂത്തുവാരി. ജനങ്ങളുടെ ശക്തമായ പിന്തുണ നേടി', മോന്‍സ് ജോസഫ് പറഞ്ഞു.
Content Highlights: National Janata Dal has announced its opposition to Shafi Parambil MP in connection with the local body elections