

മുംബൈ: മഹാരാഷ്ട്രയെ ശക്തമാക്കി നിർത്താൻ വേണമെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരെ പിന്തുണയ്ക്കുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുമ്പോഴായിരുന്നു രാജ് താക്കറെ ഇത്തരത്തിൽ പറഞ്ഞത്. തനിക്ക് ഏറ്റവും പ്രധാനം മറാത്തികളുടെ ക്ഷേമവും മറാത്തി ഭാഷയുടെ വളർച്ചയുമാണെന്നും, ശക്തമായ മഹാരാഷ്ട്രയാണെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ മറാത്തി ഭാഷയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്നും രാജ് താക്കറെ ആരോപിച്ചു. മറാത്തിയെ ക്‌ളാസിക്കൽ ഭാഷയായി പ്രഖ്യാപിച്ചത് മൂലം ഒരു ഗുണവും ഉണ്ടായിട്ടില്ല. പദവി മാത്രമാണ് ഉള്ളതെന്നും ഒരു രൂപ പോലും മാറാത്തിക്കായി കേന്ദ്രസർക്കാർ ചെലവഴിച്ചിട്ടില്ലെന്നും രാജ് താക്കറെ ആരോപിച്ചു. സംസ്‌കൃതത്തിനും മറ്റും കേന്ദ്രം പണം നൽകുകയാണെന്നും സഹായമില്ലാതെ ഒരു ഭാഷയ്ക്കും നിലനിൽപില്ലെന്നും രാജ് താക്കറെ പറഞ്ഞു.
ഉദ്ധവ് താക്കറെയുമായുള്ള സഖ്യം ശക്തമായ മറാത്ത വികാരത്തിലൂന്നിയുള്ളതാണെന്നും രാജ് താക്കറെ പറഞ്ഞു. തെരഞ്ഞെടുപ്പ് സഖ്യങ്ങൾ വ്യത്യസ്‌തമായ ഒരു വിഷയമാണ്. രാഷ്ട്രീയ ബദലുകൾ, സംസ്ഥാനത്തിന്റെ താത്പര്യങ്ങൾക്കപ്പുറം പ്രധാനമല്ല. തെരഞ്ഞെടുപ്പിൽ തോറ്റാലും ശക്തമായ മാറാത്ത സ്വത്വ നിലപാട് സ്വീകരിക്കുമെന്നും രാജ് താക്കറെ വ്യക്തമാക്കി.
ജനുവരി 15ന് നടക്കേണ്ട മുനിസിപ്പൽ തെരഞ്ഞെടുപ്പിനായാണ് ഇരുപത് വർഷത്തെ പിണക്കം മാറ്റിവെച്ചുകൊണ്ട് താക്കറെ സഹോദരരന്മാർ ഒന്നിച്ചത്. ഡിസംബർ 24നാണ് ഉദ്ദവ് താക്കറെയും രാജ് താക്കറെയും സഖ്യം പ്രഖ്യാപിച്ചത്. 2024 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയാണ് താക്കറെ സഹോദരന്മാരെ ഒന്നിക്കാൻ പ്രേരിപ്പിച്ചത്. മഹാ വികാസ് അഘാടി സഖ്യത്തിന് വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. പിന്നാലെ അർധസഹോദരന്മാർ തമ്മിൽ പലതവണ ചർച്ചകൾ നടന്നിരുന്നു. മുംബൈ മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഇരുവരെയും സംബന്ധിച്ച് വളരെ നിർണായകമാണ്. പൗരപ്രമുഖർ അടക്കമുള്ളവർ താമസിക്കുന്ന മുംബൈ നഗരമേഖലയിൽ ഇരുവർക്കുമുള്ള സ്വാധീനം എത്രയെന്ന് നിർണയിക്കുന്നതായിരിക്കും ഈ പോരാട്ടം.
Content Highlights: Maharashtra politician Raj Thackeray remarked that he would support Donald Trump if it was necessary to strengthen the state. The statement has stirred political debate, attracting attention from both regional and national media.