

കൊച്ചി: സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളിൽ നാടകീയ സംഭവങ്ങൾ. എൽഡിഎഫിന് ഭൂരിപക്ഷമുള്ള തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ എല്ലാ കോൺഗ്രസ് അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ച്, ബിജെപി പിന്തുണയോടെ സ്വതന്ത്രനെ പ്രസിഡന്റാക്കി. 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു.
പത്തനംതിട്ട കോട്ടാങ്ങലില്‍ എസ്ഡിപിഐ പിന്തുണച്ചതോടെ വിജയിച്ച കോൺഗ്രസ് പ്രസിഡണ്ട് രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിൽ ജയിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവെക്കും. എസ് ഗീതയ്ക്ക് മൂന്ന് എസ്ഡിപി വോട്ടുകളും ഒരു വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടും അടക്കം 10 വോട്ട് ലഭിച്ചു. പഞ്ചായത്തില്‍ ഏഴ് സീറ്റ് എല്‍ഡിഎഫിനും ആറ് സീറ്റ് യുഡിഎഫിനും ലഭിച്ചിരുന്നു. എസ്ഡിപിഐ 3, ബിജെപി 2, വെല്‍ഫെയര്‍ പാര്‍ട്ടി 1 എന്നിങ്ങനെയായിരുന്നു ബാക്കി കക്ഷിനില.അതേസമയം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. രാജിവെക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതിനെ മറ്റൊരു വിഭാഗം എതിര്‍ത്തു.
എല്‍ഡിഎഫിനും ജനകീയ മുന്നണിക്കും തുല്യസീറ്റുകള്‍ ഉള്ള വടകര ബ്ലോക്ക് പഞ്ചായത്തില്‍ 14 ല്‍ 8 വോട്ടുകള്‍ നേടി ജനകീയ മുന്നണിയുടെ കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായി. എല്‍ഡിഎഫിലെ ആര്‍ജെഡിയുടെ വോട്ട് സഖ്യത്തിന് ലഭിച്ചു.
പെരുങ്ങോട്ടുകുറിശ്ശിയില്‍ 60 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ഭരണനഷ്ടം. എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം അധികാരത്തിലേറി. സിപിഐഎം വിമത എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സിപിഐഎം അംഗം പ്രമോദിന് ഒമ്പത് വോട്ടുകള്‍ ലഭിച്ചു.
യുഡിഎഫിന് ഏഴ് അംഗങ്ങളാണുള്ളത്. ഇതോടെ പെരിങ്ങോട്ടുകുറിശ്ശിയുടെ ഭരണം 60 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് നഷ്ടമായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും പിന്നീട് എല്‍ഡിഎഫിനൊപ്പമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് എല്‍ഡിഎഫ് - ഐഡിഎഫ് സഖ്യം ഭരിക്കുന്നത്.
കാസർകോട് പെരിയ, മലപ്പുറം തിരുവാലി, കോട്ടയം എരുമേലി പഞ്ചായത്തുകളില്‍ ക്വാറം തികയാത്തതിനാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
കെ ജി രാധാകൃഷ്ണൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കെ ജി രാധാകൃഷ്ണൻ. വരണാധികാരിയായ ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് കൗൺസിൽ നടന്ന തിരഞ്ഞെടുപ്പിലാണ് പാമ്പാക്കുട ഡിവിഷനിൽ നിന്നുള്ള അംഗമായ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്.
കുമരകത്ത് യുഡിഎഫ് സ്വതന്ത്ര അംഗം പ്രസിഡന്‍റ്
കുമരകത്ത് അട്ടിമറി. ബിജെപി യുഡിഎഫിനെ പിന്തുണക്കുകയും നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്വതന്ത്ര അംഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എൽഡിഎഫിന് എട്ടും യുഡിഎഫിന് അഞ്ചും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്.
എസ്ഡിപിഐ പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ യുഡിഎഫ്
പാങ്ങോട് പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണയോടെ ലഭിച്ച പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ യുഡിഎഫ്. കൂടുതല്‍ വോട്ട് ലഭിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗീത രാജിവെയ്ക്കും. എസ് ഗീതയ്ക്ക് മൂന്ന് എസ്ഡിപി വോട്ടുകളും ഒരു വെല്‍ഫെയര്‍ പാര്‍ട്ടി വോട്ടും അടക്കം 10 വോട്ട് ലഭിച്ചു.
പഞ്ചായത്തില്‍ ഏഴ് സീറ്റ് എല്‍ഡിഎഫിനും ആറ് സീറ്റ് യുഡിഎഫിനും ലഭിച്ചിരുന്നു. എസ്ഡിപിഐ 3, ബിജെപി 2, വെല്‍ഫെയര്‍ പാര്‍ട്ടി 1 എന്നിങ്ങനെയായിരുന്നു ബാക്കി കക്ഷിനില.
അതേസമയം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു.
രാജിവെക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതിനെ മറ്റൊരു വിഭാഗം എതിര്‍ത്തു.
സാബു എബ്രഹാം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സാബു എബ്രഹാം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സാബു എബ്രഹാം
ഏഴിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് വിജയം. UDF ന്റെ ഒരു അംഗം വൈകിയതിനാൽ വോട്ട് ചെയ്യാൻ അനുവദിച്ചില്ല.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽഡിഎഫിന്
നറുക്കെടുപ്പിലൂടെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽഡിഎഫിന് ലഭിച്ചു.
സിപിഐഎമ്മിലെ ഇസ്മയിൽ കുറുമ്പൊയിലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു.
അഗളി പഞ്ചായത്തിൽ ട്വിസ്റ്റ്
അഗളി പഞ്ചായത്തിൽ ട്വിസ്റ്റ്. യുഡിഎഫ് അംഗം എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റായി.
20-ാം വാർഡ് ചിന്നപറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവാണ് കുറുമാറിയത്. തനിക്ക് പാർട്ടിയുടെ വിപ്പ് കിട്ടിയിരുന്നില്ലെന്നും
കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിച്ചെന്നും മഞ്ജു പറഞ്ഞു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 10, യുഡിഎഫിന് ഒൻപത് വോട്ടുമാണ് ലഭിച്ചത്.
ആർജെഡി വോട്ട് യുഡിഎഫ് - ആർഎംപിഐ ജനകീയ മുന്നണിക്ക്
വടകര ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് - ആർഎംപിഐ ജനകീയ മുന്നണിക്ക് വോട്ട് ചെയ്ത് ആർജെഡി പ്രതിനിധി. രജനി തെക്കെതയ്യിലിൻ്റ വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. കോൺഗ്രസിലെ കോട്ടയിൽ രാധാകൃഷണൻ പ്രസിഡന്‍റാകും. യുഡിഎഫ് - ആർഎംപിഐ ജനകീയ മുന്നണിക്ക് 8 വോട്ടും എൽഡിഎഫിന് 7 വോട്ടുകളും ലഭിച്ചു.
ചേലക്കരയിൽ സിപിഐഎം വോട്ട് കോൺഗ്രസിന്
ചേലക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ടി ഗോപാലകൃഷ്ണനെ തെരഞ്ഞെടുത്തു.
സിപിഐഎം സ്ഥാനാർത്ഥിയായി വിജയിച്ച 16-ാം വാർഡ് അംഗം രാമചന്ദ്രൻ വോട്ട് മാറ്റി ചെയ്തതോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. യുഡിഎഫിലെ ഗോപാലകൃഷ്ണനാണ് വോട്ട് രേഖപ്പെടുത്തിയത്. അറിയാതെ വോട്ട് മാറിപ്പോയതാണെന്നാണ് രാമചന്ദ്രന്‍റെ വിശദീകരണം.
അവിണിശ്ശേരി പഞ്ചായത്ത് യുഡിഎഫിന്
കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപി ഭരിച്ചിരുന്ന അവിണിശ്ശേരി പഞ്ചായത്ത് യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് വിജയം. കോണ്‍ഗ്രസിലെ റോസിലി ജോയ് പ്രസിഡന്റാകും. അവിണിശേരി പഞ്ചായത്തില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ മാത്രം 17 വോട്ടുകള്‍ വന്നുവെന്നും പട്ടികയില്‍ നാട്ടുകാരല്ലാത്ത 79 പേര്‍ കടന്നുവെന്നും ഇവരെല്ലാം 69ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തുവെന്നും നേരത്തെ സിപിഐഎം ആരോപിച്ചിരുന്നു.
പെരുങ്ങോട്ടുകുറിശ്ശിയില്‍ 60 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ഭരണനഷ്ടം. എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം അധികാരത്തിലേറി. സിപിഐഎം വിമത എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സിപിഐഎം അംഗം പ്രമോദിന് ഒമ്പത് വോട്ടുകള്‍ ലഭിച്ച് പ്രസിഡന്‍റായി.