'വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈഅവസ്ഥ വരാതിരിക്കട്ടെ'

തനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടതാണ് ചെയ്ത തെറ്റെന്നും അതിജീവിത

'വൈകൃതങ്ങൾ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും നിങ്ങൾക്കോ നിങ്ങളുടെ വീട്ടിലുള്ളവർക്കോ ഈഅവസ്ഥ വരാതിരിക്കട്ടെ'
dot image

കൊച്ചി: വൈകാരിക കുറിപ്പുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിത. നടന്നതെല്ലാം വിധിയെന്ന് കരുതി സമാധാനിച്ച് ഇരിക്കണമായിരുന്നോയെന്ന് അതിജീവിത ചോദിക്കുന്നു. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോയ്‌ക്കെതിരെയാണ് പ്രതികരണം. ഒരു അക്രമം നടന്നപ്പോള്‍ ഉടന്‍ പൊലീസില്‍ പരാതിപ്പെട്ടതാണ് താന്‍ ചെയ്ത തെറ്റെന്നും അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ഒന്നും പറയാതെ ഇരിക്കണമായിരുന്നുവെന്നും അതിജീവിത കുറിക്കുന്നു.

'ഞാന്‍ ചെയ്ത തെറ്റ്. എനിക്കെതിരെ ഒരു അക്രമം നടന്നപ്പോള്‍ അതപ്പോള്‍ തന്നെ പോലീസില്‍ പരാതിപ്പെട്ടത്, നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് പോയത്. അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് സമാധാനിച്ച് ആരോടും ഒന്നും പറയാതെ മിണ്ടാതെ ഇരിക്കണമായിരുന്നു, പിന്നീട് എപ്പോഴെങ്കിലും ആ video പുറത്ത് വരുമ്പോള്‍ ഇത് എന്തുകൊണ്ട് അന്നേ പോലീസില്‍ പരാതിപ്പെട്ടില്ല എന്ന് കുറ്റപ്പെടുത്തുന്നവരോട് എന്ത് പറയണം എന്നറിയാതെ ആത്മഹത്യ ചെയ്യണമായിരുന്നു.
20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി പോകുന്നതിന് മുന്‍പേ ഒരു വീഡിയോ എടുത്തത് കണ്ടു. അതില്‍ ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു
ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ
Not a victim, not a survivor, just a simple human being- let me live.' എന്നാണ് അതിജീവിത കുറിച്ചത്

കേസിലെ പ്രതിയായ മാര്‍ട്ടിന്‍ അതിജീവിതയെ അധിക്ഷേപിച്ച് സമൂഹമാധ്യമത്തിലൂടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. സംഭവത്തില്‍ തൃശ്ശൂര്‍ സൈബര്‍ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് മാര്‍ട്ടിന്‍ . നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരന്‍ ആണ്. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെയും അതിജീവിത നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഐജി ഹരിശങ്കറിനാണ് പരാതി നല്‍കിയത്. പരാതിക്കൊപ്പം 24 വീഡിയോ ലിങ്കുകളും കൈമാറിയിരുന്നു.

സമൂഹമാധ്യമത്തിലെ അധിക്ഷേപത്തില്‍ നടപടിയെടുക്കണമെന്ന് അതിജീവിത മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെക്കുന്നുമെന്നുമായിരുന്നു അതിജീവിത പരാതിയായി ഉന്നയിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ നേരിടുന്ന സൈബര്‍ ആക്രമണം അതിജീവിത ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പിന്നാലെ ഇതില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മാര്‍ട്ടിന്റെ വീഡിയോ പങ്കുവെച്ചവര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചേര്‍ത്തായിരിക്കും കേസ് എടുക്കുക. നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്റെതായ വീഡിയോ പുറത്തുവന്നത്. മാര്‍ട്ടിന്‍ ജാമ്യത്തിലായിരുന്ന സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടിയുടെ പരാതി.

Content Highlights: dileep Case Survivor emotional note over Martin act

dot image
To advertise here,contact us
dot image