

തിരുവനന്തപുരം: പോസ്റ്റല്‍ വകുപ്പിന്റെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം വേണമെന്ന വിചിത്ര നിര്‍ദേശവുമായി ബിഎംഎസ്. തിരുവനന്തപുരം മേഖലാ ഓഫീസിലെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണമെന്നാണ് ബിഎംഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ മേഖല ആസ്ഥാനത്താണ് ക്രിസ്മസ് ആഘോഷം. ഗണഗീതം ദേശഭക്തി ഗാനമാണെന്നാണ് ബിഎംഎസിന്റെ വാദം. ഗണഗീതം ആലപിക്കുന്നത് വീഡിയോ എടുക്കാനും സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ അനുവാദം നല്‍കണമെന്നും അനുമതി തേടിയുള്ള അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
നേരത്തെ എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേണ്‍ റെയില്‍വെ പങ്കുവെച്ചതും വിവാദമായിരുന്നു. 'എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി', എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരുന്നത്.
വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയില്‍വെ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: Ganageetham should be included in Postal Department's Christmas carol thiruvananthapuram said BMS