രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കയം റിസോര്‍ട്ടിലെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; പരിശോധന നടത്തി പൊലീസ്

അതേ സമയം ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരം ചോരുന്നുണ്ടെന്ന സംശയത്തില്‍ പൊലീസ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കയം റിസോര്‍ട്ടിലെന്ന് അജ്ഞാത ഫോണ്‍ സന്ദേശം; പരിശോധന നടത്തി പൊലീസ്
dot image

പാലക്കാട്: ലൈംഗികാരോപണ കേസ് നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കയത്ത് റിസോര്‍ട്ടില്‍ എത്തിയതായി കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ അജ്ഞാത ഫോണ്‍ സന്ദേശം. ഇതിനെ തുടര്‍ന്ന് കല്ലടിക്കോട് സി ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ പാലക്കയത്തെ ചില റിസോര്‍ട്ടുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലഭിച്ചത് വ്യാജ ഫോണ്‍കാള്‍ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേ സമയം ലൈംഗിക പീഡന പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരം ചോരുന്നുണ്ടെന്ന സംശയത്തില്‍ പൊലീസ്. രഹസ്യ സ്വഭാവത്തില്‍ വേണം തിരച്ചിലെന്ന് അന്വേഷണ സംഘത്തിന് എഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. അതേസമയം രാഹുലിനായി അന്വേഷണ സംഘം വയനാട്- കര്‍ണാടക അതിര്‍ത്തി കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാഹുല്‍ ഇവിടെയെത്തിയെന്ന സംശയത്തിലാണ് അന്വേഷണ സംഘം. തിരച്ചിലിന് ഇന്നുമുതല്‍ കൂടുതല്‍ സംഘങ്ങള്‍കൂടി രംഗത്തിറങ്ങും.

യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ വിധി ഇന്നുണ്ടാകും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും ഇന്നും വാദം തുടരുക. ഇന്നലെ ഒന്നരമണിക്കൂറിലേറെയാണ് വാദം തുടര്‍ന്നത്. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ അനുമതി ചോദിച്ചത് കോടതി അനുവദിച്ചിരുന്നു. ഇന്ന് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.

അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും പ്രതിഭാഗം ഹാജരാക്കിയപ്പോള്‍ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദം ചെലുത്തുന്ന രാഹുലിന്റെ ചാറ്റുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദത്തിനായി കൂടുതലും ആശ്രയിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ രാഹുല്‍ കല്‍പ്പറ്റ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Content Highlights: Anonymous phone message says Rahul Mankoottathil is at Palakkayam resort

dot image
To advertise here,contact us
dot image