

തിരുവനന്തപുരം: ട്വൻ്റി ട്വൻ്റിക്ക് തലവേദനയായി തർക്കവും രാജിയും. ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് ഏകാധിപതിയെ പോലെ പെരുമാറുന്നു എന്നാണ് പാർട്ടി വിട്ടവരുടെ വിമർശനം. സാബു ജേക്കബിന്റെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പിലാക്കാൻ ഉണ്ടാക്കിയ തട്ടിക്കൂട്ട് സംഘടനയായി ട്വന്റി ട്വന്റി മാറിയെന്ന് പാർട്ടിയിൽ നിന്ന് രാജിവെച്ച എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന പി ഐ ഉലഹന്നാൻ റിപ്പോർട്ടറിനോട് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ആളുകൾ ചീഫ് കോർഡിനേറ്റർ സാബു ജേക്കബിൻ്റെ ശമ്പളക്കാരായി മാറിയെന്നും അദ്ദേഹം എല്ലാം മാസവും ഇവർക്ക് നിശ്ചിത തുക അകൗണ്ടിലേക്ക് ഇട്ട് കൊടുക്കുന്ന അവസ്ഥ ഉണ്ടായിയെന്നും പി ഐ ഉലഹന്നാൻ പറഞ്ഞു. തെരഞ്ഞെടുക്കുന്നവർക്ക് സ്വതന്ത്രരായി മത്സരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഉലഹന്നാൻ വ്യക്തമാക്കി. പദ്ധതികള്‍ ആവിഷ്കരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ സ്വാർത്ഥ താല്പര്യങ്ങൾ അതിൽ വന്നുവെന്നും ഉലഹന്നാൻ പറഞ്ഞു.
കിഴക്കമ്പലത്ത് വാഗ്‌ദാനം ചെയ്തത് ഒന്നും നടപ്പിലാക്കാൻ ട്വന്റി ട്വന്റിക്ക് സാധിച്ചില്ലെന്ന് പ്രദേശത്തെ വ്യാപാരികൾ പറഞ്ഞു. കമ്പനി ഭരണം പോലെയാണ് കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ ഭരണമെന്നും ആളുകൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സോണി ആന്റണി പറഞ്ഞു. 47 ൽ അധികം വ്യാപരികൾ കച്ചവടം ചെയ്തിരുന്ന മാർക്കറ്റ് ട്വന്റി ട്വന്റി നാല് കൊല്ലം മുമ്പ് ഒഴിവാക്കിയെന്നും അത് പണിഞ്ഞ് കൊടുക്കാൻ ട്വന്റി ട്വന്റി തയ്യാറായില്ലയെന്നും സോണി ആന്റണി പറഞ്ഞു. കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ ഒരു പ്രവർത്തനവും നടന്നിട്ടില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ട്വൻറി ട്വന്റി നേതൃത്വം വ്യക്തമാക്കി. ഒരുപാട് വികസനം നടപ്പിലാക്കിയെന്നും ഇത്തവണ അഴിമതിമുക്ത കേരളമാണ് ട്വന്റി ട്വന്റി മുന്നോട്ട് വെക്കുന്നതെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് വി ഗോപകുമാർ പറഞ്ഞു. ഈ പാർട്ടി രാഷ്ട്രീയത്തിൽ ഉപജീവനം നടത്തുന്ന പാർട്ടിയല്ലയെന്നും പാർട്ടിയിൽ നിന്ന് പുറത്ത് പോയവർ ആരും തന്നെ പാർട്ടിയുടെ സജീവ പ്രവർത്തകരോ സജീവമായി പാർട്ടിയെ മുന്നോട്ട് നയിക്കാൻ വന്ന ആളുകളല്ലന്നും വി ഗോപകുമാർ പറഞ്ഞു. പാർട്ടിയ്ക്ക് എതിരായി മത്സരിക്കുന്ന എല്ലാ മുന്നണികളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും എങ്ങനെ പരാമവധി പാർട്ടിയെ തളർത്താം എന്നുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് ഈ ആരോപണങ്ങൾ എന്നും വി ഗോപകുമാർ പറഞ്ഞു.
Content Highlight : Twenty20 is mired in resignations and disputes; PI Ulahannan calls Sabu Jacob a dictator