സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങൾക്ക് വേണ്ട': രാഹുൽ മാങ്കൂട്ടത്തിൽ

തനിക്ക് വേണ്ടി പ്രവർത്തിച്ച ആളുകൾ മത്സരിക്കുമ്പോൾ അവർക്കായി ഇറങ്ങുക എന്നത് തൻ്റെ ഉത്തരവാദിത്തമാണെന്നും രാഹുൽ പറഞ്ഞു

സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്‌നം മാധ്യമങ്ങൾക്ക് വേണ്ട': രാഹുൽ മാങ്കൂട്ടത്തിൽ
dot image

പാലക്കാട്: നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടി പാലക്കാട് സജീവമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പുത്തൂർ വാർഡിലും ശേഖരിപുരം വാർഡിലുമുളള യുഡിഎഫ് സ്ഥാനാർത്ഥികൾക്കായാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങിയത്. ശേഖരിപുരം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി ലിജിക്ക് വേണ്ടിയാണ് ഇന്ന് പ്രചാരണം നടത്തിയത്. വീടുകൾ കയറി ഇറങ്ങിയാണ് രാഹുൽ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുന്നത്. ഒരു കോൺഗ്രസ് നേതാക്കളും തന്നോട് ഭവന സന്ദർശനത്തിന് പോകരുതെന്നോ പോകണം എന്നോ പറഞ്ഞിട്ടില്ലെന്നും തനിക്ക് വേണ്ടി പ്രവർത്തിച്ച ആളുകൾ മത്സരിക്കുമ്പോൾ അവർക്കായി ഇറങ്ങുക എന്നത് തൻ്റെ ഉത്തരവാദിത്തമാണെന്നും രാഹുൽ പറഞ്ഞു. അതിൽ സ്ഥാനാർത്ഥികൾക്കും പാലക്കാട്ടുകാർക്കും ഇല്ലാത്ത പ്രശ്നം മാധ്യമങ്ങൾക്ക് വേണ്ടെന്നും ഇനി പ്രയാസമുണ്ടായാലും തൽക്കാലം അത് കാണാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

'എല്ലാ നേതാക്കന്മാരുടെയും പ്രതികരങ്ങള്‍ ഞാന്‍ കേട്ടു. ആരും ഞാന്‍ ഭവന സന്ദര്‍ശനത്തിന് പോകരുതെന്ന് പറഞ്ഞിട്ടില്ല. പോകാനും പറഞ്ഞിട്ടില്ല. സ്വാഭാവികമായും എനിക്ക് വേണ്ടി വീടുകള്‍ കയറിയ ആളുകള്‍ എന്ന നിലയില്‍ ആ ആളുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഉറപ്പായും അവര്‍ക്കുവേണ്ടി ഇറങ്ങുക എന്നത് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എൻ്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഞാന്‍ നിങ്ങള്‍ക്കൊക്കെ (മാധ്യമങ്ങള്‍ക്ക്) എത്ര പ്രയാസമുണ്ടായാലും തല്‍ക്കാലം കാണാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടുത്തെ സ്ഥാനാര്‍ത്ഥികള്‍ക്കും പാലക്കാട്ടുകാര്‍ക്കും ഇല്ലാത്ത പ്രശ്‌നം നിങ്ങള്‍ക്ക് വേണ്ട. നിങ്ങള്‍ മാധ്യമങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കാനുളള സ്വാതന്ത്ര്യമുണ്ട്. തല്‍ക്കാലം ആ പ്രശ്‌നത്തിന് എന്റെ കയ്യില്‍ പരിഹാരമില്ല': രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വിഷയത്തിനകത്ത് രണ്ടുതവണ നടപടിയെടുക്കാന്‍ കഴിയില്ലല്ലോ എന്നും ഒരു നടപടി താന്‍ ഏറ്റുവാങ്ങിയെന്നും രാഹുൽ പറഞ്ഞു. ആ നടപടിയുടെ കാലഘട്ടത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങൾ മാത്രമേ താന്‍ ചെയ്യുന്നുളളു. ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യവും ഞാന്‍ ചെയ്യുന്നില്ല. പാര്‍ട്ടിയുടെ ഒരു അച്ചടക്കവും ലംഘിക്കുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗർഭഛിദ്രത്തിന് യുവതിയെ നിര്‍ബന്ധിക്കുന്നതും അസഭ്യം പറയുന്നതുമായ ഫോണ്‍ സംഭാഷണം ഇന്നലെ (നവംബർ 24) വീണ്ടും പുറത്തുവന്നിരുന്നു. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല്‍ പെണ്‍കുട്ടിയോട് വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണമെന്നും രാഹുല്‍ നിർബന്ധിക്കുന്നു. ലെെംഗികാരോപണത്തിൽ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്. ആവശ്യം നിഷേധിക്കുന്ന പെണ്‍കുട്ടിയെ ഗര്‍ഭധാരണത്തിന് രാഹുല്‍ പ്രേരിപ്പിക്കുന്നതും ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്.

ഗര്‍ഭധാരണത്തിന് ശേഷം താൻ നേരിടുന്ന ഗുരുതര ശാരീരിക മാനസിക അവശതകള്‍ പങ്കുവെക്കുന്ന യുവതിയെ രാഹുൽ അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ട്. യുവതി നാടകം കളിക്കുകയാണെന്നും രാഹുൽ പറയുന്നുണ്ട്. എല്ലാം തീരുമാനിച്ചത് രാഹുൽ അല്ലേ എന്നും അവസാന നിമിഷം എന്തുകൊണ്ടാണ് പിന്മാറുന്നതെന്നും യുവതി ചോദിക്കുമ്പോൾ രാഹുൽ വ്യക്തമായ ഉത്തരം നൽകുന്നില്ല.സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് യുവതി. മുഖ്യമന്ത്രിക്ക് പരാതി നല്‍കും. തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം. ഗുരുതര ശബ്ദ സംഭാഷണങ്ങൾ പുറത്ത് വന്നിട്ടും രാഹുലിന്‍റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം.

Content Highlights: Rahul Mamkoottathil MLA again attend election campaigns of udf candidates in palakkad

dot image
To advertise here,contact us
dot image