'ശക്തികേന്ദ്രങ്ങളിൽ പോലും കോൺഗ്രസിന് സീറ്റ് നൽകി'; പടന്നയിൽ മുസ്‌ലിം ലീഗിനെതിരെ തെരുവിലിറങ്ങി യൂത്ത് ലീഗ്

'മാഫിയ സംഘം ഗോ ബാക്ക്' എന്ന മുദ്രാവാക്യവുമായാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്

'ശക്തികേന്ദ്രങ്ങളിൽ പോലും കോൺഗ്രസിന് സീറ്റ് നൽകി'; പടന്നയിൽ മുസ്‌ലിം ലീഗിനെതിരെ തെരുവിലിറങ്ങി യൂത്ത് ലീഗ്
dot image

കാസര്‍കോട്: പടന്നയില്‍ ലീഗ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. മുസ്‌ലിം ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതാണ് യൂത്ത് ലീഗിനെ പ്രകോപിപ്പിച്ചത്. 'മാഫിയ സംഘം ഗോ ബാക്ക്' എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്.

പടന്നയിലെ മുസ്‌ലിം ലീഗില്‍ സീറ്റ് വിഭജനത്തെ ചൊല്ലി തുടക്കം മുതല്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഇതേതുടർന്ന് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി കൂട്ടത്തോടെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. സ്ഥാനാര്‍ത്ഥികൾ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

സ്ഥാനാർത്ഥി നിർണയത്തിലെ അപാകത ചൂണ്ടിക്കാണിച്ച് പടന്ന പഞ്ചായത്ത്‌ യൂത്ത്‌ ലീഗ് പ്രസിഡന്റ് പി കെ ഖമറുദ്ധീൻ, സെക്രട്ടറി പികെസി മുഹമ്മദ്‌ കുഞ്ഞി, ട്രഷറർ ജലീൽ ഒരുമുക്ക് തുടങ്ങി കമ്മിറ്റിയിലെ മുഴുവൻ പ്രവർത്തകരും രാജിവെച്ചിരുന്നു. നേരത്തെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി യോഗത്തിലെത്തി യൂത്ത് ലീഗ് പ്രവർത്തകർ ലീഗ് നേതാക്കളെ ഉപരോധിക്കുകയും മുസ്‌ലിം ലീഗ് ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

Content Highlight; Youth League protests in Padanna over candidate row

dot image
To advertise here,contact us
dot image