

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ശബരിമലയിലെ സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്‌സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്‌ഐടി കണ്ടെത്തല്‍. പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്നും എസ്‌ഐടി നിഗമനം.
മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത്, അന്നത്തെ പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണർ എൻ വാസുവും കണ്ടിരുന്നെന്നാണ് മുരാരി ബാബു മൊഴി നൽകിയിരുന്നു. താൻ ചെമ്പ് പാളികൾ എന്നെഴുതിയത് ഗൂഢാലോചനയുടെ ഭാഗമല്ല. ചെമ്പുപാളിയിലാണ് സ്വർണം പൂശിയത്. കാലപ്പഴക്കത്താൽ പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞു. അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത്. ആരെങ്കിലും തിരുത്തിയിരുന്നെങ്കിൽ സ്വർണം പൂശിയ പാളികൾ എന്നെഴുതുമായിരുന്നുവെന്നും മുരാരി ബാബു മൊഴി നൽകിയിരുന്നു.
Content Highlights: Sabarimala Gold Case A Pathmakumar arrested