

കോഴിക്കോട്: ലെസ്ബിയന്‍ പങ്കാളികളും ബിഗ്‌ബോസ് താരങ്ങളുമായ ആദിലയും നൂറയും ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തത് തന്‍റെ അറിവോടെയല്ലെന്ന പരാമർശത്തിനും വിവാദങ്ങൾക്കും പിന്നാലെ വിശദീകരണവുമായി മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ എ കെ ഫൈസല്‍. തന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും തന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നില്ലെന്ന് ഫൈസല്‍ പറഞ്ഞു. അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും പൂര്‍ണ്ണമായി ബഹുമാനിക്കുന്നെന്നും ഫെെസൽ ഫേസ്ബുക്കില്‍ കുറിച്ചു.
'അവര്‍ക്ക് ഞങ്ങളുടെ ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാതെ, അവരെ തടസ്സപ്പെടുത്തുകയോ വിമര്‍ശിക്കുകയോ, അവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ വിമര്‍ശിച്ച് ഹരാസ്‌മെന്റ് നടത്തുകയോ ചെയ്യുന്നത് ശരിയല്ല. ഏതൊരു മതത്തില്‍ വിശ്വസിക്കുന്നവരായാലും, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിനിയമത്തിന്റെയും ബഹുമാനം ഏതൊരു മതപരിധിക്കും അതീതമായ ഒരു അടിസ്ഥാന മനുഷ്യനന്മയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്കെതിരായ അനാവശ്യ വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപെയ്‌നുകളും അവസാനിക്കണമെന്ന് ഹൃദയപൂര്‍വ്വം ആഗ്രഹിക്കുന്നു', ഫൈസല്‍ കുറിച്ചു.
എ കെ ഫൈസലിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ നിരവധി താരങ്ങള്‍ക്കൊപ്പം ആദിലയ്ക്കും നൂറയ്ക്കും ക്ഷണം ലഭിച്ചിരുന്നു. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പിന്നാലെ ഇരുവരും പങ്കെടുത്തത് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് ഫൈസല്‍ രംഗത്തെത്തിയിരുന്നു.
'പൊതുസമൂഹത്തിന്റെ സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹ മാധ്യമത്തില്‍ താറടിച്ചും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറയ്ക്ക് തെറ്റായ സന്ദേശം നല്‍കിയെന്ന ആരോപണത്തെ മുഖവിലയ്‌ക്കെടുക്കുന്നു. മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് എന്റെ ആത്മാര്‍ത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു', എ കെ ഫൈസല്‍ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച ഫൈസല്‍ ഇപ്പോള്‍ വിശദീകരണവുമായി രംഗത്ത് വരികയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആദിലയും നൂറയും സംബന്ധിച്ച വിഷയത്തില്‍ എന്റെ നിലപാട് വളരെ വ്യക്തമാണ്.
കോടതിയും സര്‍ക്കാരും അനുവദിച്ചിട്ടുള്ള അവരുടെ സ്വാതന്ത്ര്യം പൂര്‍ണ്ണമായും ബഹുമാനിക്കപ്പെടണമെന്നും അവര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ജീവിതം നയിക്കാനുള്ള അവകാശം ഉണ്ടായിരിക്കണമെന്നും ഞാന്‍ ഹൃദയപൂര്‍വ്വം വിശ്വസിക്കുന്നു. അതിനാല്‍, അവര്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കാതെ, അവരെ തടസ്സപ്പെടുത്തുകയോ വിമര്‍ശിക്കുകയോ, അവരുടെ വ്യക്തിപരമായ തീരുമാനങ്ങളെ വിമര്‍ശിച്ച് ഹരാസ്‌മെന്റ് നടത്തുകയോ ചെയ്യുന്നത് ശരിയല്ല.
ഏതൊരു മതത്തില്‍ വിശ്വസിക്കുന്നവരായാലും, മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും വ്യക്തിനിയമത്തിന്റെയും ബഹുമാനം ഏതൊരു മതപരിധിക്കും അതീതമായ ഒരു അടിസ്ഥാന മനുഷ്യനന്മയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ ഗൃഹപ്രവേശന ചടങ്ങുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ തെറ്റിദ്ധാരണകളും വിവാദങ്ങളും ഒരിക്കലും എന്റെ ഉദ്ദേശ്യത്തിലുണ്ടായിരുന്നില്ല.
അത് പ്രതീക്ഷിച്ചതിനുമപ്പുറം ചില നെഗറ്റീവ് പ്രതികരണങ്ങളും ഹരാസ്‌മെന്റും ഉയര്‍ന്നുവെന്നും, അത് ഇവര്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.
അതുകൊണ്ടാണ് ഞാന്‍ വ്യക്തമായി പറയുന്നത്:
അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശം എനിക്കൊന്നുമുണ്ടായിരുന്നില്ല
അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും ഞാന്‍ പൂര്‍ണ്ണമായി ബഹുമാനിക്കുന്നു
അവര്‍ക്കെതിരായ അനാവശ്യ വിമര്‍ശനങ്ങളും ഹേറ്റ് ക്യാംപെയ്ന്‍കളും അവസാനിക്കണമെന്ന് ഞാന്‍ ഹൃദയപൂര്‍വ്വം ആഗ്രഹിക്കുന്നു
അവര്‍ സമാധാനത്തോടെ, ആരുടെയും ഭീഷണിയോ സമ്മര്‍ദ്ദമോ കൂടാതെ, സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അവസരം ലഭിക്കണം
ഒരു മനുഷ്യനെന്ന നിലയില്‍, മനുഷ്യരുടെ സ്വാതന്ത്ര്യത്തെയും സുരക്ഷയെയും ബഹുമാനിക്കുക എന്നതാണ് ഏറ്റവും പ്രഥമമായ മൂല്യം. ഈ വിഷയത്തെക്കുറിച്ച് എന്നോടു സംസാരിച്ച, കാര്യങ്ങള്‍ മനസ്സിലാക്കിയ, പിന്തുണച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയപൂര്‍വം നന്ദി പറയുന്നു.
തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള ക്ഷമയും ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു.
Content Highlights: A K faisal about Adila Noora controversy