വിവാദങ്ങൾ പ്രചാരണത്തിനുളള 10 ദിനങ്ങൾ നഷ്ടമാക്കി, ജനങ്ങളോട് സംസാരിക്കുക വാർഡിലെ കാര്യങ്ങൾ: വൈഷ്ണ സുരേഷ്

ജനങ്ങളോട് സംസാരിക്കുന്നത് വിവാദമല്ല, മറിച്ച് വാര്‍ഡിലെ കാര്യങ്ങളാണെന്നും മറ്റ് വിവാദങ്ങളോട് പാര്‍ട്ടി പ്രതികരിക്കുമെന്നും വൈഷ്ണ പറഞ്ഞു

വിവാദങ്ങൾ പ്രചാരണത്തിനുളള 10 ദിനങ്ങൾ നഷ്ടമാക്കി, ജനങ്ങളോട് സംസാരിക്കുക വാർഡിലെ കാര്യങ്ങൾ: വൈഷ്ണ സുരേഷ്
dot image

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം കളക്ടറേറ്റില്‍ എത്തിയാണ് വൈഷ്ണ പത്രിക സമര്‍പ്പിച്ചത്. വിവാദങ്ങള്‍ കാരണം പ്രചാരണത്തിനുളള പത്ത് ദിവസങ്ങള്‍ നഷ്ടമായെന്നും പക്ഷെ അത് താന്‍ മറികടക്കുമെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. ജനങ്ങളോട് സംസാരിക്കുന്നത് വിവാദമല്ല, മറിച്ച് വാര്‍ഡിലെ കാര്യങ്ങളാണെന്നും മറ്റ് വിവാദങ്ങളോട് പാര്‍ട്ടി പ്രതികരിക്കുമെന്നും വൈഷ്ണ പറഞ്ഞു.

വോട്ടർ പട്ടികയിൽ നിന്ന് വൈഷ്ണയുടെ വോട്ട് വെട്ടിയ നടപടി ഇന്നലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയത്. വോട്ടര്‍പ്പട്ടികയില്‍ വൈഷ്ണയുടെ പേര് ഉൾപ്പെടുത്തി ഉത്തരവിറക്കുകയും ചെയ്തു. കോര്‍പ്പറേഷന്‍ ഇആര്‍എ ചട്ടം ലംഘിച്ചെന്നും വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ലെന്നും വൈഷ്ണയെ കേള്‍ക്കാതെയെടുത്ത നടപടി നീതീകരിക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് ആണ് മുട്ടടയില്‍ യുഡിഎഫ് വൈഷ്ണയെ അവതരിപ്പിച്ചത്. എന്നാല്‍ കള്ളവോട്ട് ചേര്‍ത്തു എന്ന് ആരോപിച്ച് സിപിഐഎം പരാതിയുമായി വന്നതോടെ വോട്ടര്‍പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് നീക്കം ചെയ്തു. സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍ ആയതോടെയാണ് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചത്.

വൈഷ്ണയുടെ വോട്ട് വെട്ടിയ സംഭവത്തിന് പിന്നിൽ മേയര്‍ ആര്യാ രാജേന്ദ്രനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആരോപിച്ചിരുന്നു. പതിമൂന്നാം തിയതി ആര്യാ രാജേന്ദ്രന്‍ നഗരസഭയില്‍ എത്തിയതായി സൂചനയുണ്ടെന്നും നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. മേയര്‍ മാത്രമാണ് ഇതിന് പിന്നിലെന്ന് കരുതുന്നില്ലെന്നും മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെ ഇതിന് പിന്നിലുണ്ട് എന്ന സംശയമുണ്ടെന്നും മുരളീധരൻ പറഞ്ഞു.

വൈഷ്ണയുടെ വോട്ട് വെട്ടിയതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു. തിരുവനന്തപുരത്തെ പ്രധാന സിപിഐഎം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് വി ഡി സതീശൻ പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Controversies have wasted 10 days of campaigning: Vaishna Suresh

dot image
To advertise here,contact us
dot image