

27 വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച സിനിമയായിരുന്നു മരുതനായകം. കമൽഹാസനും സുജാതയും ചേർന്ന് എഴുതിയ സിനിമ സാമുവൽ ചാൾസ് ഹില്ലിന്റെ 'യൂസഫ് ഖാൻ' എന്ന പുസ്തകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരുന്നു. എലിസബത്ത് രാജ്ഞി പങ്കെടുത്ത ചടങ്ങിലായിരുന്നു ചിത്രം ഔദ്യോഗികമായി ആരംഭിച്ചത്. എന്നാൽ ചിത്രത്തിന്റെ നിർണായക രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായെങ്കിലും സിനിമ പാതിവഴിക്ക് നിന്നു പോയിരുന്നു. ഇപ്പോഴിതാ സിനിമ വീണ്ടും ഉണ്ടാകുമോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയാണ് കമൽ ഹാസൻ.
'ആ സിനിമ വീണ്ടും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഇന്ന് ടെക്നോളജി ഒരുപാട് അഡ്വാൻസ്ഡ് ആയ കാലഘട്ടത്തിൽ അതും സാധ്യമാകും എന്നാണ് ഞാൻ കരുതുന്നത്', കമലിന്റെ വാക്കുകൾ. ഇളയരാജയായിരുന്നു മരുതനായകത്തിന് സംഗീതം പകർന്നിരുന്നത്. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിടുകയും ചെയ്തിരുന്നു. 85 കോടി മുതൽ മുടക്കിൽ വരാനിരുന്ന ചിത്രം കമൽഹാസന്റെ രാജ് കമൽ ഫിലിംസ് തന്നെയായിരുന്നു നിർമിക്കാനിരുന്നത്. 1997 പകുതിയോടെ ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് നടന്നിരുന്നു. കന്നഡ താരം വിഷ്ണു വർദ്ധൻ, നസറുദ്ദീൻ ഷാ എന്നിവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.
രവി കെ ചന്ദ്രൻ കാമറയും സാബു സിറിൾ കലാസംവിധാനവും നിർവഹിക്കാനിരുന്ന ചിത്രം റിയൽ ലൈഫ് സ്റ്റോറി കൂടിയായിരുന്നു. 1690 മുതൽ 1801 വരെ തമിഴ്നാട്, കർണാടക, ആന്ധ്രാ എന്നീ പ്രദേശങ്ങൾ ഭരിച്ച രാജവംശമായ 'ആർകോട്ട്' രാജവംശത്തിലെ സേനാനായകനായിരുന്ന മുഹമ്മദ് യൂസഫ് ഖാൻ ആയിരുന്നു മരുതനായകം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. 1758 ലെ മധുര- തിരുനൽവേലി ഗവർണർ എന്നീ പദവികൾ ഒക്കെ വഹിച്ചിരുന്ന മുഹമ്മദ് യൂസഫ് ഖാൻ ഹിന്ദു കുടുംബത്തിൽ ജനിച്ച് പിന്നീട് ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയായിരുന്നു.
#Kamalhaasan about Reviving #Marudhanayagam ⭐:
— Laxmi Kanth (@iammoviebuff007) November 20, 2025
"I also want to revive the film..🤝 I believe it is possible since we got many advanced technologies these days.."🔥 (Hinting about developing it in AI 🤔)pic.twitter.com/CGo8T0xeNh
നേരത്തെ രാജമൗലി ചിത്രം വാരണാസിയുടെ ടൈറ്റിൽ ലോഞ്ചിന് പിന്നാലെ മരുതനായകം വീണ്ടും ട്രെൻഡ് ആയിരുന്നു. ഗ്രാഫിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് കമൽഹാസൻ മരുതനായകനിലെ കാളപ്പുറത്ത് കയറുന്ന രംഗം ചിത്രീകരിച്ചത്. ഇന്നും ആ രംഗം കാണുമ്പോൾ രോമാഞ്ചം തോന്നുന്നുവെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ സാങ്കേതിക വിദ്യ ഇത്രകണ്ട് വളർന്നിട്ടും രാജമൗലിക്ക് കമലിന്റെ അതേ പെർഫക്ഷൻ കൊണ്ടുവരാൻ സാധിക്കുന്നില്ലെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന വിമർശനം.
Content Highlights: Kamal haasan's reply to Maruthanayakam revival