

തിരുവനന്തപുരം: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത് എന്‍ഡിഎ അല്ല മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മഹാരാഷ്ട്രയിലും ഹരിയാനയിലും എന്തുനടന്നുവെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതാണ്. അതിന്റെ ആവര്‍ത്തനമാണ് ബിഹാറില്‍ സംഭവിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണ്. നിഷ്പക്ഷവും നീതിപൂര്‍വവുമായ നിലയില്‍ ഇനി ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് നടക്കില്ല. ഈ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും കൂടിയുണ്ടാക്കിയ അട്ടിമറിയാണ്. എന്ത് വേണമെന്ന് എല്ലാവരും ആലോചിക്കേണ്ടതാണ്. മോദി-ഷാ ഭരണത്തിന്റെ കീഴില്‍ നിഷ്പക്ഷവും നീതിപൂര്‍വുമായ തെരഞ്ഞെടുപ്പ് നടക്കില്ലെന്നുള്ള ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് ബിഹാറില്‍ നിന്നുള്ളത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്ത് ജനകീയ വിചാരണയാത്രയില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അന്തിമഘട്ടത്തിലെത്തുമ്പോള്‍ എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ്. നിലവില്‍ എന്‍ഡിഎ 201 സീറ്റിലും മഹാസഖ്യം 32 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മഹാസഖ്യം തകര്‍ന്നടിയുന്ന നിലയാണ് കാണാന്‍ കഴിയുന്നത്. കേരളത്തില്‍ പത്ത് വര്‍ഷത്തെ എല്‍ഡിഎഫിന്റെ ദുര്‍ഭരണം ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ അഴിമതിയും കൊള്ളയും നടത്തുകയാണ്. പരാജയപ്പെടുന്നതിന് മുമ്പേ മേയര്‍ കോഴിക്കോട്ടേക്ക് തിരിച്ചത് നന്നായി. ഇവിടെ നില്‍ക്കാന്‍ നിവര്‍ത്തിയില്ലാത്ത നിലയിലാണ് അഞ്ച് വര്‍ഷത്തെ ഭരണം. കോഴിക്കോട് സ്ഥിരതാമസം ആക്കാം. തിരുവനന്തപുരത്തേക്ക് വരാന്‍ ജനം സമ്മതിക്കില്ല. അത്ര വലിയ ദുര്‍ഭരണമാണ് ഉണ്ടായിരിക്കുന്നത്. താന്‍ ഒഴിഞ്ഞുപോയാലെങ്കിലും പത്ത് വോട്ട് എല്‍ഡിഎഫിന് കിട്ടുമെന്ന ചിന്തമാണ് പ്രേരിപ്പിച്ചത്. പാര്‍ട്ടി മത്സരിക്കാന്‍ പോലും സീറ്റ് കൊടുത്തില്ലെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
മേയര്‍ ആര്യാ രാജേന്ദ്രന്റെ ഭാവി രാഷ്ട്രീയപ്രവര്‍ത്തനം കോഴിക്കോട് കേന്ദ്രീകരിക്കുന്നത് പരിഗണനയിലെന്നാണ് വിവരം. പാര്‍ട്ടി അനുമതി നല്‍കിയാല്‍ ആര്യയുടെ താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും കോഴിക്കോട്ടേക്ക് മാറ്റുന്നത് സജീവമായി പരിഗണനയിലുണ്ട്. ജീവിതപങ്കാളിയായ ബാലുശ്ശേരി എംഎല്‍എ കെ എം സച്ചിന്‍ദേവ് കോഴിക്കോട്ടും മേയറായ ആര്യ തിരുവനന്തപുരത്തുമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം മേയര്‍ എന്നനിലയില്‍ ആര്യയുടെ ചുമതല അവസാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ ആര്യ മത്സരരംഗത്തില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് രാഷ്ട്രീയപ്രവര്‍ത്തനം കോഴിക്കോട്ടേക്ക് മാറ്റാനുള്ള ആലോചന നടക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ സച്ചിന് മണ്ഡലത്തില്‍ നിന്നും മാറിനില്‍ക്കാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്.
Content Highlights: Local Body Election Ramesh Chennithala mocks arya rajendran