

പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ധാരണയുണ്ടാക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ പ്രാദേശിക ധാരണ പ്രയോജനപ്പെടുത്തുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സംസ്ഥാനത്ത് വെല്‍ഫെയര്‍ വാര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ഒഴികെയുള്ള രാഷ്ട്രീയകക്ഷികളുമായി ധാരണ ഉണ്ടാക്കുമെന്നും റസാഖ് പാലേരി വ്യക്തമാക്കി. 'ഞങ്ങള്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ല. പ്രാദേശികമായി നീക്കുപോക്കുകള്‍ ആരുമായും ഉണ്ടാക്കി കൊണ്ടാണ് മുന്നോട്ട് പോകുന്നത്. അത്തരം നീക്കങ്ങള്‍ പല ഭാഗത്തും നടക്കുന്നുണ്ട്. ഞങ്ങളുടെ വിജയം സുനിശ്ചിതമാക്കുന്നതിനും വെല്‍ഫയര്‍ വാര്‍ഡെന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നതിനുമുള്ള പ്രവര്‍ത്തിയാണ് നടക്കുന്നത്', റസാഖ് പറഞ്ഞു.
അതേസമയം വെല്‍ഫെയറുമായി സഹകരിക്കുന്നതില്‍ പാലക്കാട് മുസ്‌ലിം ലീഗിന് വിയോജിപ്പുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ലീഗ് നേതൃത്വം ധാരണയുണ്ടാക്കിയെന്ന ആരോപണമാണ് പ്രാദേശിക ലീഗ് നേതൃത്വം ഉന്നയിക്കുന്നത്. എന്നാല്‍ മമ്പാട് പഞ്ചായത്തില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി പരസ്പരം പിന്തുണക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 18ാം വാര്‍ഡായ ഇപ്പൂട്ടിങ്ങലില്‍ യുഡിഎഫ് പിന്തുണയോട വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുബീന ചോലയില്‍ മത്സരിക്കും. ബാക്കിവരുന്ന 21 വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 11നും നടക്കും. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും രണ്ടാം ഘട്ടത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും തെരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും.
Content Highlights: Welfare state president says they will coperate with LDF and UDF in Local Body Election