

പാലക്കാട്: രാഷ്ട്രീയ ജീവിതത്തോട് സന്തോഷത്തോടെയും സമാധാനത്തോടെയും വിടപറയുന്നുവെന്ന് മുൻ പാലക്കാട് നഗരസഭാ അധ്യക്ഷ പ്രിയ അജയൻ. ബിജെപി നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രാഷ്ട്രീയ രംഗത്തെ കയറ്റിറക്കങ്ങളും, ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്നുള്ള കയ്പേറിയ പാഠങ്ങളും ഈ കാലയളവിൽ പഠിച്ചു. സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന പരോക്ഷ വിമർശനമാണ് ബിജെപി നേതൃത്വത്തെ പ്രിയ അജയൻ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്. കൗൺസിലർ എന്ന നിലയിലുള്ള അഞ്ച് വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ് എന്ന് പറഞ്ഞാണ് പ്രിയ കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. 'ആദ്യത്തെ മൂന്നു വർഷം പാലക്കാട് നഗരസഭ ചെയർപേഴ്സൺ എന്ന നിലയിലും, തുടർന്ന് കൗൺസിലറായും സേവനം ചെയ്യാൻ കഴിഞ്ഞത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും പ്രിയ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയം നോക്കാതെ സഹായം തേടി വന്ന എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു . അതിലൂടെ ജനങ്ങളുടെ മനസ്സിൽ ഒരു നല്ല സ്ഥാനം നേടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെ'ന്നും കുറിപ്പിൽ പ്രിയ വ്യക്തമാക്കിയിട്ടുണ്ട്.
2023 ഡിസംബർ മാസത്തിലായിരുന്നു പ്രിയ അജയൻ പാലക്കാട് നഗരസഭാ ചെയർപേഴ്സൺ സ്ഥാനം രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലായിരുന്നു പ്രിയയുടെ രാജിയെന്ന് നേതൃത്വം വിശദീകരിച്ചെങ്കിലും ബിജെപിയിലെ പടലപിണക്കങ്ങളാണ് രാജിയ്ക്ക് കാണമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ഥാനത്ത് തുടരാനാകില്ലെന്ന് നേതൃത്വത്തെ നേരത്തെ അറിയിച്ചകായി രാജിവെയ്ക്കുന്ന സമയത്ത് പ്രിയ അജയനും പ്രതികരിച്ചിരുന്നു. 'അവിചാരിതമായാണ് രാഷ്‌ട്രീയ പ്രവർത്തകയാവുന്നത്. പൊതുപ്രവർത്തനത്തിൽ മികവുതെളിയിക്കാൻ ഇനിയും കാലമുണ്ടല്ലോ എന്നും അന്ന് പ്രിയ പറഞ്ഞിരുന്നു. ആർഎസ്എസിൻ്റെ നിർദ്ദേശാനുസരണമായിരുന്നു മുൻ അധ്യക്ഷ പ്രമീളാ ശശിധരനെ ഒഴിവാക്കി പ്രിയയെ പാലക്കാട് നഗരസഭാ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ബിജെപി കൊണ്ടുവന്നത്. എന്നാൽ ഇതിന് പിന്നാലെ ഭരണകക്ഷിക്കുള്ളിൽ അസ്വാരസ്യം തുടങ്ങിയിരുന്നു. പ്രിയ അജയൻ്റെ രാജിക്ക് പിന്നാലെ പ്രമീള ശശിധരനെ നഗരസഭാ അധ്യക്ഷയായി ബിജെപി നേതൃത്വം തിരഞ്ഞെടുത്തിരുന്നു. എന്തായാലും ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങളാണ് പ്രിയയുടെ രാജിക്ക് പിന്നിൽ എന്ന അഭ്യൂഹങ്ങളെ അടിവരയിടുന്നതാണ് പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രിയപ്പെട്ടവരെ,
കൗൺസിലർ എന്ന നിലയിലുള്ള എൻ്റെ അഞ്ച് വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ഇന്ന് തിരശ്ശീല വീഴുകയാണ്.
ആദ്യത്തെ മൂന്നു വർഷം പാലക്കാട് നഗരസഭ ചെയർപേഴ്സൺ എന്ന നിലയിലും, തുടർന്ന് കൗൺസിലറായും സേവനം ചെയ്യാൻ കഴിഞ്ഞത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്.
രാഷ്ട്രീയ രംഗത്തെ കയറ്റിറക്കങ്ങളും, ആരെ വിശ്വസിക്കണം, ആരെ സൂക്ഷിക്കണം എന്നുള്ള കയ്പേറിയ പാഠങ്ങളും ഈ കാലയളവിൽ ഞാൻ പഠിച്ചു. സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
എങ്കിലും, ഒരുകാര്യം ഞാൻ അഭിമാനത്തോടെ പറയുന്നു: രാഷ്ട്രീയം നോക്കാതെ സഹായം തേടി വന്ന എല്ലാവർക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു .
അതിലൂടെ ജനങ്ങളുടെ മനസ്സിൽ ഒരു നല്ല സ്ഥാനം നേടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്❤️
ഈ യാത്രയിൽ എന്നെ പിന്തുണച്ച വോട്ട് ചെയ്ത പ്രിയ ജനങ്ങളോടും, ഒപ്പം നിന്ന സഹപ്രവർത്തകരോടും, ഏറ്റവും പ്രധാനമായി, എൻ്റെ തീരുമാനങ്ങളെ വിശ്വസിച്ച് എല്ലാ പിന്തുണയും നൽകിയ മുനിസിപ്പൽ ജീവനക്കാരോടും എൻ്റെ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു🙏
പുതിയ പാഠങ്ങൾ ഉൾക്കൊണ്ട്, ഈ രാഷ്ട്രീയ ജീവിതത്തോട്, ഞാൻ സന്തോഷത്തോടെയും സമാധാനത്തോടെയും വിട പറയുന്നു🙏🙏
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും!
Content Highlights: Former Palakkad municipal chairperson Priya Ajayan indirectly blames BJP leadership