'ബിനോയ് വിശ്വം പറയുന്നത് ചോദ്യം ചെയ്യാനുള്ള ത്രാണിയും ശേഷിയും എനിക്കില്ല'; വി ശിവൻകുട്ടി

പിഎം ശ്രീയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നിലപാട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി

'ബിനോയ് വിശ്വം പറയുന്നത് ചോദ്യം ചെയ്യാനുള്ള ത്രാണിയും ശേഷിയും എനിക്കില്ല'; വി ശിവൻകുട്ടി
dot image

ന്യൂഡൽഹി: പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ എടുത്ത നിലപാട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ അറിയിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും എസ്എസ്‌കെ ഫണ്ടുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച നടത്തിയതെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പിഎം ശ്രീ മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ പറഞ്ഞിട്ടുണ്ട്. രേഖാമൂലം പിന്നീട് അറിയിക്കും. കേന്ദ്രമന്ത്രി അനുകൂലമായോ പ്രതികൂലമായോ ഒന്നും പറഞ്ഞിട്ടില്ല. ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ബാക്കി കാര്യങ്ങൾ വരുന്നിടത്ത് വെച്ച് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീയിൽ സബ് കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷമേ കത്ത് നൽകൂ. റിപ്പോർട്ട് എപ്പോഴാണ് പുറത്തുവരികയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

അതേസമയം ബിനോയ് വിശ്വം പറയുന്നത് ചോദ്യം ചെയ്യാനുള്ള ത്രാണിയും ശേഷിയും തനിക്കില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. എസ്എസ്‌കെയുമായി ബന്ധപ്പെട്ട 1066.66 കോടി രൂപ ഒറ്റത്തവണയായി എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജൻ ധൻ ഹോസ്റ്റലുകൾക്കുള്ള ആറ് കോടി രൂപയും മറ്റു ഹോസ്റ്റലുകളുടെ നവീകരണത്തിനുള്ള മൂന്ന് കോടിയും അടിയന്തരമായി റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി.

വന്ദേഭാരതിന്റെ ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ചതും അതിന്റെ വീഡിയോ ദക്ഷിണ റെയിൽവെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതും ഗൗരവമേറിയ വിഷയമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. മാതൃകാപരമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ വിദ്യാഭ്യാസ ഡയറക്ടറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും. സിബിഎസ്ഇ സ്‌കൂളുകൾക്ക് അംഗീകാരം കിട്ടണമെങ്കിൽ സംസ്ഥാനത്തിന്റെ അനുമതി വേണം. എൻഒസി എത് സമയം വേണമെങ്കിലും റദ്ദാക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. എല്ലാ കുട്ടികളും അംഗീകരിക്കുന്ന ഗാനം മാത്രമേ സ്‌കൂളിൽ ആലപിക്കാവൂ. ഇത്തരം ചടങ്ങുകൾക്ക് ഏകീകരിച്ച ഒരു ഗാനം വേണമെന്നും മന്ത്രി പറഞ്ഞു.

Content Highlights: V Sivankutty has informed the Union Education Minister about the state government's stance regarding PM Shri

dot image
To advertise here,contact us
dot image