'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണന്‍ ആണ് എന്റെ ഹീറോ': സന്ദീപ് വാര്യര്‍

ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കും' എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണന്‍ ആണ് എന്റെ ഹീറോ': സന്ദീപ് വാര്യര്‍
dot image

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെ വീഡിയോ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. 'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചു പറഞ്ഞ ഗോപാലകൃഷ്ണന്‍ ആണെന്റെ ഹീറോ' എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ വ്യാപകമായി വോട്ട് ചേര്‍ക്കും. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കും' എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഈ വീഡിയോ ഇന്ന് രാഹുല്‍ ഗാന്ധി ഹരിയാനയിലെ വോട്ട് ക്രമക്കേട് വെളിപ്പെടുത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ പരിഹാസം.

ഓഗസ്റ്റ് 22-ന് മാധ്യമങ്ങളോട് സംസാരിക്കവെ ബി ഗോപാലകൃഷ്ണന്‍ പറഞ്ഞ കാര്യങ്ങളാണ് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്. 'ജയിക്കാന്‍ വേണ്ടി ഞങ്ങള്‍ വ്യാപകമായി വോട്ട് ചേര്‍ക്കും. ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിച്ച മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്ന് ആള്‍ക്കാരെ കൊണ്ടുവന്ന് ഒരുവര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും' എന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്. തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചത് മണ്ഡലത്തിന് പുറത്തുനിന്നും ആളുകളെ എത്തിച്ച് വ്യാജ വിലാസത്തില്‍ അവരുടെ വോട്ട് ചേര്‍ത്താണെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ബി ഉണ്ണിക്കൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

ബിഹാറില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ്  നടക്കാനിരിക്കെ ഹരിയാനയിൽ നടന്ന ഗുരുതര വോട്ട് ക്രമക്കേടുകൾ വെളിപ്പെടുത്തിയാണ് ഇന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയത്. എച്ച് ഫയൽസ് എന്ന പേരിലാണ് ഹരിയാനയിലെ വോട്ട് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി രാഹുൽ വാര്‍ത്താസമ്മേളനം നടത്തിയത്. വോട്ട് ചോരിക്ക് പകരം സര്‍ക്കാര്‍ ചോരിയെന്നാണ് ഹരിയാനയിലെ ക്രമക്കേടുകളെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് ഹരിയാനയില്‍ 22 വോട്ടുകള്‍ ചെയ്‌തെന്ന് അദ്ദേഹം തെളിവുകള്‍ നിരത്തി. ഒരേ ഫോട്ടോ വെച്ച് വ്യത്യസ്ത പേരില്‍ പത്ത് ബൂത്തുകളിലായാണ് 22 വോട്ട് രേഖപ്പെടുത്തിയത്.

ഹരിയാനയില്‍ 25 ലക്ഷം വോട്ട് കൊള്ളയാണ് നടന്നതെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. '5,21,619 ഇരട്ട വോട്ടുകളാണ് ഹരിയാനയില്‍ കണ്ടെത്തിയത്. ആകെ വോട്ടര്‍മാര്‍ രണ്ട് കോടി. എട്ടില്‍ ഒരു വോട്ട് വ്യാജം. രണ്ട് കോടി വോട്ടര്‍മാരില്‍ 25 ലക്ഷം വോട്ട് കൊള്ള. ഇതില്‍ 25 ലക്ഷം കള്ള വോട്ടാണ്. ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ 100 വോട്ടുണ്ട്. ഒറ്റ ഫോട്ടോ, ഒരു മണ്ഡലം, 100 വോട്ട്. വോട്ടര്‍ പട്ടികയില്‍ ഒരേ ഫോട്ടോ, ഒരേ പേര്. 104ാം നമ്പര്‍ വീട്ടില്‍ നൂറുകണക്കിന് വോട്ടുകളാണുള്ളത്. രണ്ട് ബൂത്തുകളിലായി ഒരു സ്ത്രീ 223 വോട്ട് ചെയ്തു', രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlights: sandeep warrier mocks b gopalakrishnan for vote chori remarks

dot image
To advertise here,contact us
dot image