

തിരുവനന്തപുരം: ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. മംദാനിയുടെ വിജയം അസമത്വം അംഗീകരിക്കാൻ വിസമ്മതിച്ച സാധാരണക്കാരുടെയും മെച്ചപ്പെട്ട ഒരു ലോകം സാധ്യമാണെന്ന് വിശ്വസിച്ച് പ്രവർത്തിച്ച രാഷ്ട്രീയപ്രവർത്തകരുടെയും വിജയം കൂടിയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കോർപ്പറേറ്റ് ലാഭത്തിനുപരിയായി മനുഷ്യന്റെ അന്തസ്സിനെ സേവിക്കുന്ന ഒരു ലോകം സ്വപ്നം കാണുന്ന എല്ലാവർക്കും ഈ വിജയം പ്രത്യാശയാണ്. ജനങ്ങളുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത കൂടുതൽ 'സൊഹ്‌റാന്മാർ' എല്ലായിടത്തും ഉയർന്നുവരാൻ ഈ മുന്നേറ്റം പ്രചോദനമാകുമെന്ന് നമുക്കാഗ്രഹിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാസസ്ഥലം താങ്ങാനാവുന്നതാവുകയും ഭക്ഷണം ഒരവകാശമാവുകയും ആരോഗ്യപരിരക്ഷ സാർവത്രികമാവുകയും തൊഴിലാളികൾക്ക് അവരുടെ അർഹമായ അവകാശം ലഭിക്കുകയും ചെയ്യുന്ന ഒരു ഭാവിക്കു വേണ്ടി ന്യൂയോർക്കിനെ നയിക്കാൻ മംദാനിക്ക് കഴിയട്ടെയെന്നും എംബി രാജേഷ് ആശംസിച്ചു.
'സൊഹ്‌റാൻ മംദാനിക്ക് ലോകത്തിന്റെ ഇങ്ങേ അറ്റത്തുനിന്ന്, 1957ൽ ഇന്ത്യയിൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ച കേരളത്തിൽ നിന്ന് ഒരു ഊഷ്മള അഭിവാദനം', എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.
'ഇടിമുഴക്കം പോലുള്ള ഓരോ വാക്കിലും ആൾക്കൂട്ടത്തിന്റെ ആരവമിരമ്പിയ രാത്രിയിൽ അയാൾ പ്രത്യാശയുടെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചു. വൻകിട മൂലധനത്തിനെതിരായ പ്രത്യാശയുടെ രാഷ്ട്രീയം. അസാധ്യമായതിനെ സാധ്യമാക്കുന്ന പ്രത്യാശയുടെ രാഷ്ട്രീയം. നിരാശക്കെതിരായ പ്രത്യാശയുടെ രാഷ്ട്രീയം. ന്യൂയോർക്ക് എന്ന മഹാനഗരം ഇനിമേൽ എല്ലാവരുടേതു മായിരിക്കുമെന്ന് സൊഹ്‌റാൻ മംദാനിയെന്ന പുതിയ ചെറുപ്പക്കാരൻ മേയർ പ്രഖ്യാപിച്ചു. മംദാനിയുടെ വിജയത്തിന് ശേഷമുള്ള പ്രസംഗം ധീരമായ നയപ്രഖ്യാപനമായിരുന്നു. ട്രമ്പിനോടുള്ള നേർക്കുനേർ യുദ്ധ പ്രഖ്യാപനവും.
ഒരു രാജ്യം മുഴുവനായും തീവ്ര വലതുപക്ഷത്തേക്ക് നീങ്ങുന്നു എന്ന തോന്നലിനു നടുവിൽ നിന്ന് ഒരു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്, അധികാര ഗർവ്വിനെ, കോടികളുടെ കുത്തൊഴുക്കിനെ പ്രധിരോധിച്ച്, കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗോടെ അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്റെ അമരക്കാരനാകുമ്പോൾ, മറ്റൊരു ലോകം സാധ്യമാണ് എന്ന ബോധ്യമാണ് അവിടെയും യാഥാർഥ്യമാവുന്നത്.
തീവ്ര വലതുപക്ഷത്തിന്റെ വെറുപ്പിന്റെയും അപര വിദ്വേഷത്തിന്റെയും കുടിയേറ്റ വിരുദ്ധതയുടെയും പകയുടെയും രാഷ്ട്രീയമാണ് ലോക മുതലാളിത്തത്തിന്റെ ആസ്ഥാന നഗരത്തിൽ തന്നെ തകർന്നടിഞ്ഞത്. മംദാനി പറയുന്നുണ്ട്, "ഇനിമേൽ ഇസ്ലാമാഫോബിയ കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാവുന്ന ഒരു നഗരമായിരിക്കില്ല ന്യൂയോർക്കെ"ന്ന്. അതിന് അടിവരയിടുന്നതായി മംദാനിയുടെ വിജയം.
മംദാനിയും സംഘവും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം ഉയർത്തിയ മുദ്രാവാക്യം, "Up with affordability, down with billionaires” എന്നത് ന്യൂയോർക്കിന്റെ അതിർത്തിക്കപ്പുറത്ത് ഇടതുപക്ഷ ചിന്തയോട് ചേർന്ന് നിൽക്കുന്ന എല്ലാ മനുഷ്യരുടേയും പൊതു വികാരമാണ്. അത് കൊണ്ടാണ് അവസാനത്തെ മനുഷ്യന്റെ കൂടി വേദനകളെ ആദ്യം പരിഗണിക്കുന്ന കേരളത്തിന് മംദാനിയുടെ വിജയത്തിൽ ഇത്ര സന്തോഷിക്കാനാവുന്നത്.
സാധാരണക്കാരന് താങ്ങാനാവുന്ന താമസ സൗകര്യങ്ങൾ, സൗജന്യനിരക്കിൽ പൊതുഗതാഗതം, ഭക്ഷ്യവില കുറയ്ക്കാൻ സർക്കാർ നിയന്ത്രിത പലചരക്ക് കടകൾ – ഇവയെല്ലാം കേരളം പതിറ്റാണ്ടുകളായി കെട്ടിപ്പടുക്കുന്ന കേരളാമോഡലിന്റെ പ്രതിധ്വനിയാണ്. ലൈഫ് മിഷനിലൂടെ നാലര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് സ്വന്തമായി വീടുകൾ ലഭിച്ചതും, സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകൾ വഴി എല്ലാവർക്കും വിലക്കുറവിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതും നമ്മുടെ അനുഭവമാണ്.
സാർവത്രിക ആരോഗ്യ പരിരക്ഷയും സൗജന്യ വിദ്യാഭ്യാസവും ശക്തമായ തൊഴിലാളി സംരക്ഷണവും ഇവിടെ കേവലം സ്വപ്‌നങ്ങൾക്കപ്പുറം ജീവിത യാഥാർഥ്യങ്ങളാണ്. ഏറ്റവുമൊടുവിൽ, അതിദാരിദ്ര്യം തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറിയത് ഇടതുപക്ഷ ഭരണത്തിന്റെ കരുത്താണ് വിളിച്ചോതുന്നത്.
വംശീയ ന്യൂനപക്ഷങ്ങൾ, തൊഴിലാളികൾ, LGBTQ+ സമൂഹം തുടങ്ങി പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി, സോഷ്യലിസം എന്ന വാക്കിനോട് പോലും തൊട്ടുകൂടായ്മ കൽപിക്കുന്ന അമേരിക്കൻ പൊളിറ്റിക്കൽ എസ്റ്റാബ്ലിഷ്മെന്റിനെ തന്റെ സോഷ്യലിസ്റ്റ് രാഷ്ട്രീയം മുൻനിർത്തിയാണ് മംദാനി നേരിട്ടത്. 99% ജനങ്ങളും വാടകയ്ക്കും ഭക്ഷണത്തിനും വേണ്ടി കഷ്ടപ്പെടുമ്പോൾ, 1% പേർക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന രാഷ്ട്രീയത്തിൽ ന്യൂയോർക്കുകാർ മടുത്തു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ വിജയം.
വിജയ പ്രസംഗത്തിൽ അദ്ദേഹം നെഹ്‌റുവിന്റെ വാക്കുകൾ ഉദ്ധരിച്ചു: "ചരിത്രത്തിൽ അപൂർവമായി വരുന്ന ഒരു നിമിഷമുണ്ട്, പഴയതിൽ നിന്ന് നമ്മൾ പുതിയതിലേക്ക് ചുവടുവെക്കുന്ന നിമിഷം." ന്യൂയോർക്കിനും അമേരിക്കയ്ക്കും ലോകത്തിനും ഇതൊരു നിർണ്ണായക വഴിത്തിരിവാണ്.
ഇടതുപക്ഷ ബദൽ അത് കേവലം സിദ്ധാന്തമല്ല—കേരളം ജീവിച്ച ചരിത്രമാണ്, ഇന്ന് ആ ബദലിന്റെ രാഷ്ട്രീയം അമേരിക്കൻ മുതലാളിത്തത്തിന്റെ ഹൃദയത്തിൽ വേരുറപ്പിക്കുന്നു. ഈ വിജയം, അസമത്വം അംഗീകരിക്കാൻ വിസമ്മതിച്ച സാധാരണക്കാരുടെയും മെച്ചപ്പെട്ട ഒരു ലോകം സാധ്യമാണെന്ന് വിശ്വസിച്ച് പ്രവർത്തിച്ച രാഷ്ട്രീയപ്രവർത്തകരുടെയും വിജയം കൂടിയാണ്.
കോർപ്പറേറ്റ് ലാഭത്തിനുപരിയായി മനുഷ്യന്റെ അന്തസ്സിനെ സേവിക്കുന്ന ഒരു ലോകം സ്വപ്നം കാണുന്ന എല്ലാവർക്കും ഈ വിജയം പ്രത്യാശയാണ്. ജനങ്ങളുടെ ആവശ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാത്ത കൂടുതൽ 'സോഹ്‌റാന്മാർ' എല്ലായിടത്തും ഉയർന്നുവരാൻ ഈ മുന്നേറ്റം പ്രചോദനമാകുമെന്ന് നമുക്കാഗ്രഹിക്കാം. വാസസ്ഥലം താങ്ങാനാവുന്നതാവുകയും ഭക്ഷണം ഒരവകാശമാവുകയും ആരോഗ്യപരിരക്ഷ സാർവത്രികമാവുകയും തൊഴിലാളികൾക്ക് അവരുടെ അർഹമായ അവകാശം ലഭിക്കുകയും ചെയ്യുന്ന ഒരു ഭാവിക്കു വേണ്ടി ന്യൂയോർക്കിനെ നയിക്കാൻ താങ്കൾക്ക് കഴിയട്ടെ. സൊഹ്‌റാൻ മംദാനിക്ക് ലോകത്തിന്റെ ഇങ്ങേ അറ്റത്തുനിന്ന്, 1957ൽ ഇന്ത്യയിൽ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിച്ച കേരളത്തിൽ നിന്ന് ഒരു ഊഷ്മള അഭിവാദനം.'
Content Highlights: Minister MB Rajesh congratulates Zohran Mamdani on being elected as the Mayor of New York