'വിവേകിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയുടെ മകനെതിരെ പരാതി നല്‍കി അനില്‍ അക്കര

നാലാം പ്രതിയായ ഈജിപ്ഷ്യന്‍ പൗരനെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യം

'വിവേകിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയുടെ മകനെതിരെ പരാതി നല്‍കി അനില്‍ അക്കര
dot image

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിനെതിരെ പരാതി. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയാണ് ധനവകുപ്പിനും റവന്യൂ വകുപ്പിനും പരാതി നല്‍കിയത്. വിവേകിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. നാലാം പ്രതിയായ ഈജിപ്ഷ്യന്‍ പൗരനെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യമുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് തട്ടിപ്പ് കേസിലാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര പരാതി നല്‍കിയത്.

2023ല്‍ ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിവേകിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ സമന്‍സ് പുറത്തുവന്നിരുന്നു. ഫെബ്രുവരി 14ന് കൊച്ചിയിലെ ഇഡി ഓഫീസിലെത്താന്‍ നിര്‍ദേശം നല്‍കിയെങ്കിലും വിവേക് ഹാജരായിരുന്നില്ല. കേസില്‍ വിവേകിനെതിരെ ഇഡി തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

പിന്നാലെ മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള പരസ്പര ധാരണയുടെ ഭാഗമായി കേസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. സംഭവത്തില്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ വന്ന സമന്‍സ് ആരും കൈപ്പറ്റിയില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അല്ല വിവേക് താമസിക്കുന്നതെന്ന് കാട്ടിയാണ് തപാല്‍ കൈപ്പറ്റാതിരുന്നതെന്നാണ് വിവരം.
Content Highlights: Anil Akkara files complaint against Chief Minister s son

dot image
To advertise here,contact us
dot image