ഗാസ സിറ്റിയിലെ സംഘര്‍ഷത്തില്‍ പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ സാലിഹ് അല്‍ ജഫറാവി വെടിയേറ്റ് കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ സാലിഹിനെ കാണാനില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

ഗാസ സിറ്റിയിലെ സംഘര്‍ഷത്തില്‍ പലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ സാലിഹ് അല്‍ ജഫറാവി വെടിയേറ്റ് കൊല്ലപ്പെട്ടു
dot image

ഗാസ: ഗാസ സിറ്റിയിലെ സംഘര്‍ഷത്തിനിടയില്‍ പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ സാലിഹ് അല്‍ ജഫറാവി കൊല്ലപ്പെട്ടു. ഗാസ മുനമ്പില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സാലിഹ് കൊല്ലപ്പെടുന്നത്. സാബ്‌റയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയുധങ്ങളേന്തിയ ആളുകള്‍ സാലിഹിനെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് പലസ്തീന്‍ സ്രോതസുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ സാലിഹിനെ കാണാനില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥരും ദോഘ്മുഷ് സംഘത്തിലെ ആളുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗാസ സിറ്റിയിലെ ഏറ്റുമുട്ടലില്‍ ഇസ്രയേല്‍ അധിനിവേശവുമായി ബന്ധമുള്ള സായുധ സേനയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഗാസയിലെ ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോസ്ഥന്‍ പറഞ്ഞു.

തെക്കന്‍ ഗാസയില്‍ നിന്നും ഗാസ സിറ്റിയിലേക്ക് പോകുകയായിരുന്ന കുടിയിറക്കപ്പെട്ട സാധാരണക്കാരെ ഇക്കൂട്ടര്‍ കൊലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തലിന് ശേഷവും ഗാസയിലെ സുരക്ഷാ സാഹചര്യങ്ങള്‍ വെല്ലുവിളി നേരിടുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം സാലിഹ് കൊല്ലപ്പെട്ടതിന് പിന്നാലെ മുമ്പ് സാലിഹ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും പ്രചരിക്കുകയാണ്.

'ഈ 467 ദിവസങ്ങളില്‍ ഞാന്‍ കടന്നുപോയ സാഹചര്യങ്ങള്‍ ഓര്‍മയില്‍ നിന്നും മായില്ല. നാം അഭിമുഖീകരിച്ച ഒരു സാഹചര്യവും നമുക്ക് മറക്കാന്‍ സാധിക്കില്ല. ഓരോ സെക്കന്റിലും പേടിയോടെയാണ് ഞാന്‍ ജീവിക്കുന്നത്', എന്നായിരുന്നു ജനുവരിയിലെ താല്‍ക്കാലിക വെടിനിര്‍ത്തലിന് പിന്നാലെ സാലിഹ് അല്‍ ജസീറയോട് പ്രതികരിച്ചത്. 2023 ഒക്ടോബര്‍ മുതല്‍ ഗാസയില്‍ 270ലധികം മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

Content Highlights: Gaza city clash Palestine journalist Saleh Aljafarawi shot dead

dot image
To advertise here,contact us
dot image