ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം; അക്രമി എത്തിയത് രണ്ട് മക്കളുമൊത്ത്; ലക്ഷ്യംവെച്ചത് സൂപ്രണ്ടിനെ

ഡോക്ടറുടെ തലയോട്ടിയില്‍ പത്ത് സെന്റീമീറ്റര്‍ നീളത്തിലുള്ള മുറിവേറ്റിട്ടുണ്ട്

ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം; അക്രമി എത്തിയത് രണ്ട് മക്കളുമൊത്ത്; ലക്ഷ്യംവെച്ചത് സൂപ്രണ്ടിനെ
dot image

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സനൂപ് എത്തിയത് രണ്ട് മക്കളുമൊത്ത്. മക്കളെ പുറത്ത് നിര്‍ത്തിയ ശേഷമാണ് ഇയാള്‍ അകത്ത് കയറി ഡോക്ടറെ ആക്രമിച്ചത്. സൂപ്രണ്ടിനെയായിരുന്നു ലക്ഷ്യംവെച്ചത്. എന്നാല്‍ ആ സമയം സൂപ്രണ്ട് മുറിയില്‍ ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വിപിനെ സനൂപ് ആക്രമിക്കുന്നത്. 'മകനെ കൊന്നവനല്ലേ' എന്ന് ആക്രോശിച്ചുകൊണ്ട് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഡോക്ടര്‍ വിപിനെ വടിവാള്‍ ഉപയോഗിച്ച് ആക്രമിച്ചത്. ഉടന്‍ തന്നെ ഇദ്ദേഹത്തിന് താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി. പിന്നാലെ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ ഡോക്ടർ വിപിൻ

ഡോക്ടറുടെ തലയോട്ടിയില്‍ പത്ത് സെന്റീമീറ്റര്‍ നീളത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്ന് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ ഹെഡ് ഡോ. ഫാബിത് മൊയ്തീന്‍ പറഞ്ഞു. ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ഡോക്ടര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ട്. എന്താണ് സംഭവിച്ചത് എന്നത് ഓര്‍മയുണ്ട്. ഡോക്ടറുടെ തലയില്‍ മൈനര്‍ സര്‍ജറി ആവശ്യമാണെന്നും ഡോ. ഫാബിത് മൊയ്തീന്‍ പറഞ്ഞു. ഡോക്ടര്‍ വിപിനെ ഐസിയുവിലേക്ക് മാറ്റി.

Also Read:

സംഭവത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ കെജിഎംഒ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കെജിഎംഒഎ സംസ്ഥാന അധ്യക്ഷന്‍ ഡോ. സുനില്‍ പി കെ പറഞ്ഞു. ആശുപത്രി സംരക്ഷണ ഭേദഗതി ബില്‍ നടപ്പിലാക്കിയത് ഭാഗികമായാണ്. ഡോക്ടര്‍മാര്‍ക്ക് ഒരു സുരക്ഷയും ഇല്ല. എക്‌സ് സര്‍വ്വീസ് ഉദ്യോഗസ്ഥരെയാണ് സെക്യൂരിറ്റി പോസ്റ്റില്‍ നിയമിക്കേണ്ടത്. എന്നാല്‍ പ്രായംചെന്ന മനുഷ്യന്മാരെയാണ് സെക്യൂരിറ്റിയായി നിയമിച്ചിരിക്കുന്നത്. പൊലീസ് എയ്ഡ് പോസ്റ്റ് സംവിധാനം നടപ്പിലാക്കിയില്ല. എസ്‌ഐഎസ്എഫും പ്രഖ്യാപനത്തില്‍ ഒതുങ്ങി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതൊക്കെ തീരുമാനിച്ചത്. എന്നാല്‍ നാളിതുവരെ ആയിട്ടും ഇതൊന്നും നടപ്പിലാക്കിയില്ലെന്നും ഡോ. സുനില്‍ പി കെ വ്യക്തമാക്കി.

സനൂപിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നു

ഇന്ന് വൈകിട്ടായിരുന്നു താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടന്നത്. മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരി അനയയുടെ പിതാവാണ് ആക്രമണം നടത്തിയത്. ഓഗസ്റ്റ് പതിനാലിനായിരുന്നു അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില് ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം. അനയയെ ആദ്യം പനിലക്ഷണങ്ങളോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. അവിടെ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ടായ കാലതാമസമാണ് അനയയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.

Content Highlights- Sanoop arrived to thamarassery taluk hospital for attack superiendent

dot image
To advertise here,contact us
dot image