ദുല്‍ഖറിന്റെ വേഫെറര്‍ കമ്പനിയിലും റെയ്ഡ്; സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു

സൂപ്പര്‍ഹിറ്റായ ലോക സിനിമ ഉള്‍പ്പെടെ നിര്‍മ്മിച്ചത് വേഫെറര്‍ ഫിലിംസ് ആണ്.

ദുല്‍ഖറിന്റെ വേഫെറര്‍ കമ്പനിയിലും റെയ്ഡ്; സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു
dot image

ചെന്നൈ: ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ പരിശോധന നടന്‍ ദുല്‍ഖര്‍ സൽമാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെററിലേക്കും വ്യാപിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. നിര്‍മ്മാണ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ്. എട്ട് ഉദ്യോഗസ്ഥര്‍ ചെന്നൈ ഗ്രീന്‍ റോഡിലെ ഓഫീസിലെത്തി. സൂപ്പര്‍ഹിറ്റുകളായ ലോക, കുറുപ്പ്, കിംഗ് ഓഫ് കൊത്ത സിനിമകൾ ഉള്‍പ്പെടെ നിര്‍മ്മിച്ചത് വേഫെറര്‍ ഫിലിംസ് ആണ്.

ഇന്ന് രാവിലെ മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയതിന് പിന്നാലെയാണ് നിര്‍മ്മാണ കമ്പനിയിലേക്കും പരിശോധന വ്യാപിപ്പിച്ചത്. ഒരേസമയം 17 ഇടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ എത്തിയത്.

ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോള്‍ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. നിലവില്‍ കടവന്ത്രയിലെ വീട്ടിലാണ് ദുല്‍ഖറും താമസിക്കുന്നത്.

നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും അഞ്ച് ജില്ലകളിലെ വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് എന്നാണ് വിവരം. അടിമാലിയിലും ഇ ഡി എത്തി.


ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ ശില്‍പ സുരേന്ദ്രന്റെ ലാന്‍ഡ് ക്രൂയിസര്‍ കാറാണ് പരിശോധിക്കുന്നത്. മെക്കാനിക്കല്‍ ജോലികള്‍ക്കായാണ് വാഹനം അടിമാലിയിലെ ഗ്യാരേജില്‍ എത്തിച്ചത്. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ ഡിയുടെ വിശദീകരണം.

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ മൂവരുടെയും വീട്ടില്‍ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Content Highlights: E D Raid on Dulquer Salman's wayfarer films

dot image
To advertise here,contact us
dot image