
കുന്നംകുളം : ചൊവ്വന്നൂരിലെ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ കൊലപ്പെടുത്തി കത്തിച്ച നിലയിൽ കണ്ടെത്തി. പ്രതി മരത്തംകോട് ചൊവ്വന്നൂർ സണ്ണി(61)യെ തൃശൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗിക ബന്ധത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ്സ് തോന്നിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.
ചൊവ്വന്നൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് പുക വരുന്നത് കണ്ടാണ് നാട്ടുകാർ എത്തിയത്. പുറത്തു നിന്ന് പൂട്ടിയ മുറി തുറന്നപ്പോഴാണ് കത്തിയ നിലയിൽ കമഴ്ന്നു കിടക്കുന്ന മൃതദേഹം കണ്ടത്.
ചുറ്റും തുണികളിട്ട് കത്തിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. മുറി വാടകയ്ക്കെടുത്ത സണ്ണി ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. രാത്രി ഏഴരയോടെ തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നാണ് സണ്ണിയെ പൊലീസ് പിടികൂടിയത്. തൃശൂരിലെ വസ്ത്ര വിൽപനശാലയിൽ സെക്യൂരിറ്റി ജീവനക്കാരനായ സണ്ണി മറ്റ് രണ്ട് കൊലപാതകക്കേസുകളിലും പ്രതിയാണ്.
Content Highlight : Alleged murder during sexual intercourse; Accused arrested after killing and burning a young man in Thrissur