ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം; വേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങുമെന്ന് കെ മുരളീധരന്‍

'കപട ഭക്തന്മാര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നതാണ് പ്രശ്‌നം'

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം; വേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങുമെന്ന് കെ മുരളീധരന്‍
dot image

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കപട ഭക്തന്മാര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നതാണ് പ്രശ്‌നം. 2019 ലും 2025ലുമാണ് വിവാദം ഉയരുന്നത്. രണ്ട് കാലയളവിവും യുഡിഎഫ് ആയിരുന്നില്ല അധികാരത്തില്‍. രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

'സ്വര്‍ണപ്പാളികള്‍ നേരെയാക്കാന്‍ കൊണ്ടുപോയത് 2019ലും 2025ലുമാണ്. ആ രണ്ട് തവണയും യുഡിഎഫ് അല്ല അധികാരത്തില്‍. ഇതേപ്പറ്റി വസ്തുനിഷ്ഠമായ അന്വേഷണം നടത്തണം എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറല്ല. ആറാം തീയതി നടക്കുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്ത് വേണ്ടി വന്നാല്‍ സമരത്തിന്റെ പാതയിലേക്ക് ഞങ്ങള്‍ കടക്കും', കെ മുരളീധരന്‍ പറഞ്ഞു.

സ്വര്‍ണം കട്ട സംഭവം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കപട ഭക്തന്മാരുടെ കൈയില്‍ ദേവസ്വം ബോര്‍ഡ് ഉള്ളതിന്റെ ദുരന്തമാണ് അയ്യപ്പന് വരെ അനുഭവിക്കേണ്ടി വന്നത്. ശബരിമലയിലെ സ്വര്‍ണം പരിസരം വിട്ട് കൊണ്ടുപോകരുതെന്നാണ് നിയമത്തില്‍ പറയുന്നത്. ഇപ്പോള്‍ സ്‌പോണ്‍സര്‍ എന്ന് പറയുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് പീഠം കണ്ടെത്തി. അയ്യപ്പ സംഗമം സ്‌പോണ്‍സര്‍ ചെയ്തത് ആരൊക്കെയെന്ന് തങ്ങള്‍ക്ക് അറിയണം. ഇങ്ങനെയുള്ള എത്ര ഉണ്ണി നമ്പൂതിരിമാര്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടെന്ന് തങ്ങള്‍ക്ക് അറിയണം. ഇക്കാര്യത്തില്‍ എത്ര ഒളിച്ചുകളി നടത്തിയാലും പാര്‍ട്ടി അതില്‍ നടപടിയെടുക്കും. പാര്‍ട്ടി വിശ്വാസികളുടെ കൂടെയാണ്. വിശ്വാസികളുടെ മനസിനെ മുറിവേല്‍പ്പിക്കുന്ന ചില കാര്യങ്ങളാണ് അടുത്ത കാലത്ത് സംഭവിക്കുന്നത്. അതിനെതിരെ പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിക്കും. കാര്യങ്ങള്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയുടെ കാര്യത്തില്‍ ആര് എന്ത് കാണിച്ചാലും തെറ്റ് തന്നെയാണ്. ഒരന്വേഷത്തെയും തങ്ങള്‍ ഭയപ്പെടുന്നില്ല. പൂര്‍വ്വകാലം പറഞ്ഞ് ഭയപ്പെടുത്തേണ്ട കാര്യമില്ല. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ദൈവത്തിന്റെ പണം തട്ടിക്കീശയിലാക്കി. അയ്യപ്പന്റെ സ്വത്ത് തൊട്ടവര്‍ ആരും ഗതിപിടിച്ചിട്ടില്ലെന്ന കാര്യം കക്കുന്നവര്‍ ഓര്‍ക്കണം. ഒരു കാരണവശാലും കട്ട കള്ളന്മാര്‍ രക്ഷപ്പെടാന്‍ തങ്ങള്‍ സമ്മതിക്കില്ല. തോല്‍ക്കുന്നത് വരെ സ്വപ്നം കാണാനുള്ള അവകാശം എം വി ഗോവിന്ദനുണ്ട്. അതിദയനീയമായി അയ്യപ്പ സംഗമം എട്ട് നിലയില്‍ പൊട്ടിയത് പോലെയുള്ള അനുഭവം ആയിരിക്കും പിണറായി സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു.

Content Highlights- K Muraleedharan reaction over sabarimala gold plate controversy

dot image
To advertise here,contact us
dot image