
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നത് തടയാൻ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങരുതെന്ന ആരോഗ്യവകുപ്പിന്റെ കർശന നിർദേശത്തിൽ ഫയർഫോഴ്‌സ് ആശയ കുഴപ്പത്തിൽ. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നതിൽ ബദൽ മാർഗം തേടാൻ സ്‌കൂബാ ഡൈവേഴ്‌സിന് ടെക്‌നിക്കൽ ഡയറക്ടർ നിർദേശം നൽകിയെങ്കിലും എന്താണ് ബദൽ മാർഗ്ഗങ്ങളെന്ന കാര്യത്തിൽ വ്യക്തതയില്ല.
പാറമടയിലെ വെള്ളക്കെട്ടിലും കുളങ്ങളിലും അകപ്പെടുന്നവരെ ഫയർഫോഴ്‌സിന്റെ സ്‌കൂബ ഡൈവേഴ്‌സ് ആണ് രക്ഷപ്പെടുത്തുന്നത്. എന്നാൽ ഇത്തരം സ്ഥലങ്ങളിൽ അമീബ സാന്നിധ്യം കാണാൻ സാധ്യതയുള്ളതിനാൽ ഇറങ്ങരുത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
ഇതോടെയാണ് ബദൽ മാർഗങ്ങളും നിർദേശങ്ങളും തേടി ഫയർ സർവീസ് അസോസിയേഷൻ ഫയർഫോഴ്‌സ് മേധാവിക്ക് കത്ത് നൽകിയത്. ഇതിന് പിന്നാലെ ജില്ലാ ഓഫീസർമാരും റീജണൽ ഓഫീസർമാരും ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രഹസ്യ സ്വഭാവത്തിലുള്ള നിർദേശം ടെക്‌നിക്കൽ ഡയറക്ടർ നൽകിയതോടെ സേനാംഗങ്ങളും ആശയക്കുഴപ്പത്തിലായി.
ആവശ്യമെങ്കിൽ ആരോഗ്യവകുപ്പിന്റെ മാർഗ നിർദേശങ്ങൾ തേടാമെന്നും കത്തിൽ പറയുന്നുണ്ട്. കേരളത്തിൽ പരിമിതമായ സ്ഥലങ്ങളിലാണ് അണ്ടർ വാട്ടർ ക്യാമറ സൗകര്യം ഉള്ളത്. മുൻകാലങ്ങളിൽ സജീവമായി ഉപയോഗിച്ച പാതാളക്കരണ്ടിയാണ് മറ്റൊരു ബദൽ മാർഗം. കോവിഡ് കാലത്ത് നൽകിയത് പോലുള്ള കൃത്യമായ മാർഗനിർദേശങ്ങൾ നൽകണമെന്നാണ് ആവശ്യം.
Content Highlights: Fire Force is in a dilemma due to the strict instructions of the Health Department not to enter stagnant water to prevent the spread of amebic meningoencephalitis