വിവാദങ്ങള്‍ക്കിടെ എന്‍എസ്എസ് പൊതുയോഗം ഇന്ന് പെരുന്നയില്‍; സര്‍ക്കാര്‍ അനുകൂല നിലപാട് ചര്‍ച്ചയായേക്കും

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു

വിവാദങ്ങള്‍ക്കിടെ എന്‍എസ്എസ് പൊതുയോഗം ഇന്ന് പെരുന്നയില്‍; സര്‍ക്കാര്‍ അനുകൂല നിലപാട് ചര്‍ച്ചയായേക്കും
dot image

കോട്ടയം: വിവാദങ്ങള്‍ക്കിടെ എന്‍എസ്എസ് പൊതുയോഗം ഇന്ന് പെരുന്നയില്‍ ആസ്ഥാനത്ത് ചേരും. രാവിലെ 11 മണിക്ക് പ്രതിനിധി സഭാ മന്ദിരത്തിലാണ് യോഗം ചേരുക. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വരവ്, ചെലവ് കണക്കും ഇന്‍കം ആന്‍ഡ് എക്‌സ്‌പെന്റീച്ചര്‍ സ്റ്റേറ്റ്‌മെന്റും അംഗീകരിക്കുന്നതിനുള്ള പൊതുയോഗമാണ് ഇന്ന് നടക്കും. ആഗോള അയ്യപ്പസംഗമത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാട് യോഗത്തില്‍ ചര്‍ച്ചയായേക്കും.

ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അയ്യപ്പ സംഗമം ബഹിഷ്‌കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ കോണ്‍ഗ്രസിന് ഹിന്ദു വോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാന്‍ നടപടി എടുക്കുകയാണ്. ശബരിമലയിലെ ആചാരം സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീ പ്രവേശന വിധിക്കെതിരെ എന്‍എസ്എസ് നാമജപ ഘോഷയാത്ര നടത്തി. കോണ്‍ഗ്രസും ബിജെപിയും അന്ന് വിട്ടുനിന്നു. വിശ്വാസികള്‍ കൂട്ടത്തോടെ വന്നപ്പോഴാണ് അവരും വന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീ പ്രവേശനം അനുവദിച്ചില്ല. അവര്‍ക്ക് വേണമെങ്കില്‍ അത് ചെയ്യാമായിരുന്നു. ആചാരങ്ങള്‍ അതേ പോലെ നിലനിര്‍ത്തി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. ശബരിമലയിലെ പ്രശ്നം പരിഹരിക്കുമെന്നും ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും എന്‍എസ്എസിന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആചാരത്തിനെതിരെ ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വം മന്ത്രിയാണ് ഉറപ്പുനല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

സമദൂരം വെടിഞ്ഞ് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെ ജി സുകുമാരന്‍ നായര്‍ക്കെതിരെ വിമര്‍ശനവും ശക്തമാണ്.

Content Highlights: NSS general meeting today at kottayam Perunna

dot image
To advertise here,contact us
dot image