'എന്റെ ഹൃദയം അവർക്കൊപ്പം'; കരൂർ ദുരന്തത്തിൽ രാഹുൽ ഗാന്ധി; കോൺഗ്രസ് പ്രവർത്തകരോട് സഹായമെത്തിക്കാൻ നിർദേശം

പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ അധികാരികളെ സഹായിക്കണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു

'എന്റെ ഹൃദയം അവർക്കൊപ്പം'; കരൂർ ദുരന്തത്തിൽ രാഹുൽ ഗാന്ധി; കോൺഗ്രസ് പ്രവർത്തകരോട് സഹായമെത്തിക്കാൻ നിർദേശം
dot image

ന്യൂഡല്‍ഹി: തമിഴക വെട്രി കഴകം സംസ്ഥാന പര്യടന റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മുപ്പതിലേറേ പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കരൂരിലുണ്ടായ ദുരന്തത്തില്‍ അതീവ ദുഃഖിതനാണെന്നും മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു. എക്‌സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നു.

കരൂരിലേത് ദാരുണ ദുരന്തമാണ് എന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പമാണ് തന്റെ ചിന്തയെന്നും അവര്‍ക്ക് ഈ പ്രതിസന്ധിഘട്ടം മറികടക്കാന്‍ കഴിയട്ടെ എന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ അധികാരികളെ സഹായിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

കരൂരിലെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടമായതില്‍ അതീവ ദുഃഖമുണ്ടെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയാണ് എന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞത്. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അധികാരികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയാണെന്നും ഖര്‍ഗെ പറഞ്ഞു.

ഇന്ന് വൈകുന്നേരം എട്ടുമണിയോടെയാണ് കരൂറിലെ ടിവികെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. ഉദ്ദേശിച്ചതിലും പതിന്മടങ്ങ് ആളുകള്‍ പരിപാടി നടന്ന മൈതാനത്തേക്ക് എത്തുകയായിരുന്നു. ദുരന്തത്തിൽ മുപ്പതിലേറെ പേരാണ് മരിച്ചത്. ഇതിൽ ആറ് കുട്ടികളും പതിനാറ് സ്ത്രീകളും ഉണ്ടെന്നാണ് വിവരം. നിരവധിപേർക്ക് പരിക്കേറ്റു. ഇരുപതിലേറേ പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോർട്ട്.

Content Highlights: 'My heart is with them'; Rahul Gandhi on Karur tragedy; Congress workers asked to provide help

dot image
To advertise here,contact us
dot image