
പാലക്കാട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണത്തില്‍ കക്ഷി ചേരാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് എ കെ ബാലന്‍. ആരോപണം ഉന്നയിച്ചവര്‍ തന്നെ തെളിവ് പുറത്തുവിടട്ടെയെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. തനിക്ക് എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ താന്‍ ഉന്നയിക്കുമല്ലോയെന്നും നിലവിലെ ആരോപണങ്ങള്‍ അവര്‍ തമ്മില്‍ ആയിക്കോട്ടെയെന്നും പറഞ്ഞ് കയ്യൊഴിയുകയായിരുന്നു എ കെ ബാലന്‍.
ആരോപണം ഉന്നയിച്ചയാളുടെ കെയ്യില്‍ തെളിയിക്കാനുള്ള തെളിവും ഉണ്ടാവും. ഷാഫിക്കെതിരെ ആരോപണം ഉന്നയിച്ചയാളാണല്ലോ അക്കാര്യങ്ങള്‍ പറയേണ്ടത്. എനിക്ക് എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ ഞാന്‍ പറയില്ലേ. എന്റെ കയ്യില്‍ രേഖ ഉണ്ടെങ്കില്‍ ഞാന്‍ പറയുമായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ രേഖയുള്ളതുകൊണ്ടാണല്ലോ അത് പറഞ്ഞിട്ടുണ്ടാവുക. അത് അവര്‍ തമ്മില്‍ ആയിക്കോട്ടെ. അതില്‍ നമ്മള്‍ കക്ഷി ചേരുന്നില്ല
എ കെ ബാലന്‍
എന്നാല്‍ ആരോപണത്തില്‍ സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ തീരുമാനം. അടിസ്ഥാനരഹിതമായ ആരോപണം സിപിഐഎം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം. യൂത്ത് കോണ്‍ഗ്രസും സിപിഐഎമ്മിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും.
ആരോപണത്തില്‍ ഇ എന്‍ സുരേഷ് ബാബുവിനെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. കളവാണെന്ന് ബോധ്യപ്പെട്ടിട്ടും മനഃപൂര്‍വ്വം അപമാനിക്കുകയെന്ന ബോധ്യത്തോടെയാണ് ഷാഫിക്കെതിരായ ഇ എന്‍ സുരേഷ് ബാബുവിന്റെ ആരോപണം എന്ന് പരാതിയില്‍ പറയുന്നു. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നാണ് സുരേഷ് ബാബു ആരോപിച്ചത്. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ മുസ്ലിം ലീഗാണ് അവര്‍ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.
Content Highlights: a k balan Reaction over E N suresh babu statement over shafi parambil