
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കലിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്. ഇതിനായി ഉടൻ സമൻസ് നൽകും. ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിനൊരുങ്ങുന്നത്. പിടിച്ചെടുത്ത വാഹനങ്ങളുടെ കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നതായും അമിത് ചക്കാലക്കലിന് ഇടനിലക്കാരുമായി ബന്ധമുണ്ടെന്നുമുള്ള നിഗമനത്തിലാണ് കസ്റ്റംസ്. കൂടാതെ അമിത്തിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തതിൽ ദുരൂഹത തുടരുകയാണ്. കൊച്ചിയിൽ പിടിച്ച ഫസ്റ്റ് ഓണർ വാഹനം 92 മോഡൽ ലാൻഡ് ക്രൂയിസര്‍ മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടേതാണെന്ന് കസ്റ്റംസ് കണ്ടെത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ മാഹിന് കസ്റ്റംസ് സമൻസ് നൽകി.രണ്ടാഴ്ച മുമ്പാണ് വാഹനത്തിന്‍റെ നിറം മാറ്റണമെന്ന ആവശ്യവുമായി ലാൻഡ് ക്രൂയിസർ കുണ്ടന്നൂരിലെ വർക്ക് ഷോപ്പിലേക്ക് എത്തിച്ചത്. വെള്ള കാർ കറുപ്പ്നിറമാക്കി മാറ്റണമെന്നായിരുന്നു ആവശ്യം. കാർ കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റാനായിരുന്നു നീക്കം. കസ്റ്റംസിന്റെ പരിശോധന സംബന്ധിച്ച് സൂചന ലഭിച്ചതിനാലാണ് ഈ നീക്കമെന്നാണ് കണ്ടെത്തൽ.
ഭൂട്ടാൻ വഴി വാഹനം കടത്തിയതിൽ അന്വേഷണം ഊർജിതമാക്കുകയാണ് അന്വേഷണ സംഘം. നടൻ ദുൽഖർ സൽമാന്റെ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് പുറത്തുവരുന്ന വിവരം. വാഹനത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ദുൽഖർ സൽമാന് കസ്റ്റംസ് ഇന്ന് സമൻസ് നൽകും. വാഹനത്തിന്റെ രജിസ്ട്രേഷൻ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദുൽഖർ സൽമാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതിൽ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിൽ ഒരു വാഹനമാണ് മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നടൻ പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൃഥ്വിരാജിന്റെ വാഹനങ്ങൾ കണ്ടെത്താനാണ് കസ്റ്റംസിന്റെ ശ്രമം. ഇന്നലെയായിരുന്നു ദുൽഖർ സൽമാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. പൃഥ്വിരാജിന്റെ വീട്ടിൽ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. നടൻ അമിത് ചക്കാലക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലായിരുന്നു പരിശോധന. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 36 വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കേരളത്തിലേക്ക് 150 മുതൽ 200 വരെ എസ്യുവികൾ എത്തിച്ചെന്നാണ് കസ്റ്റംസ് കരുതുന്നത്. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. ഭൂട്ടാനീസ് ഭാഷയിൽ വാഹനം എന്ന് അർത്ഥം വരുന്ന നുംഖോർ എന്നാണ് കസ്റ്റംസ് സംഘം ഓപ്പറേഷന് നൽകിയിരിക്കുന്ന പേര്. രാജ്യത്തെ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്ത് സംഘത്തിലെ കോയമ്പത്തൂർ കണ്ണികളെ ഒരു വർഷം മുൻപ് കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ രേഖകളിൽ സംശയം തോന്നിയ വാഹന ഉടമകളിലേക്കാണ് അന്വേഷണം നീണ്ടത്. കൊച്ചിക്ക് പുറമേ തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂർ, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസിന്റെ പരിശോധന നടന്നിരുന്നു. രേഖ കൃത്യമല്ലെന്ന് വ്യക്തമായ വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോർവാഹന വകുപ്പ്, എടിഎസ്, പൊലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിശോധന നടന്നത്.
Content Highlights: Customs to question actor Amit Chakkalackal again in connection with Bhutan vehicle smuggling