
തൃശൂര്‍: കലുങ്ക് സംവാദ പരിപാടിയിലെ വിവാദങ്ങളില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ പരിപാടി വക്രീകരിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുവെന്നും അത് സ്വാഗതാര്‍ഹമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂരില്‍ ഇ ഡി സ്വത്ത് കണ്ടു കെട്ടിയ കാര്യം നേരത്തെ പറഞ്ഞതാണെന്നും അത് ബാങ്ക് വഴി മാത്രമേ നല്‍കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'പ്രധാനമന്ത്രി കുന്നംകുളത്ത് വന്നപ്പോള്‍ ഇക്കാര്യം പറഞ്ഞതാണ്. ആനന്ദവല്ലി ചേച്ചി വന്ന് എന്റെ നെഞ്ചത്ത് കയറിയിട്ട് കാര്യമില്ല. സഹകരണ വകുപ്പ് മന്ത്രിയാണ് തീരുമാനം എടുക്കേണ്ടത്. ഇത് വക്രീകരിക്കാനുള്ള ത്വര പലര്‍ക്കുമുണ്ട്. ദൈവം എന്നൊരാളുണ്ട്, കിട്ടിയിരിക്കും. ക്വാറിയില്‍ നിന്ന് പൈസയെടുത്ത ജില്ലാ പ്രസിഡന്റുമാരൊന്നും ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ല. ഉണ്ടെന്ന് അറിഞ്ഞാല്‍ കളയും. തട്ടിപ്പ് നടത്തിയെന്ന് എന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പുറത്താക്കും', സുരേഷ് ഗോപി പറഞ്ഞു.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാന്‍ സഹായം തേടി ആനന്ദവല്ലി സുരേഷ് ഗോപിയുടെ കൊടുങ്ങല്ലൂര്‍ കലുങ്ക് സൗഹൃദ സദസിലെത്തിയിരുന്നു. എന്നാല്‍ 'ചേച്ചി അധികം വര്‍ത്തമാനം പറയണ്ട, ഇ ഡി പിടിച്ചെടുത്ത പണം കിട്ടാന്‍ മുഖ്യമന്ത്രിയെ സമീപിക്കൂ' എന്നായിരുന്നു സുരേഷ് ഗോപിയുടെ അധിക്ഷേപം. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോള്‍ 'എന്നാല്‍ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഈ വീഡിയോ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പിന്നാലെ ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് പണം മടക്കി നല്‍കി. ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് പതിനായിരം രൂപയാണ് മടക്കി നല്‍കിയത്. സിപിഐഎം പ്രവര്‍ത്തകരാണ് ആനന്ദവല്ലിയെ വിളിച്ചുകൊണ്ടുപോയി പതിനായിരം രൂപ വാങ്ങി നല്‍കിയത്. 1.75 ലക്ഷം രൂപയാണ് ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് നല്‍കാനുളളത്.
പുളളില്‍ നടന്ന കലുങ്ക് സൗഹൃദ സദസിലും നിവേദനവുമായെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച് തിരിച്ചയച്ചിരുന്നു. കൊച്ചുവേലായുധന്‍ എന്ന വയോധികനെയാണ് സുരേഷ് ഗോപി അപമാനിച്ചുവിട്ടത്. സംവാദം നടന്നുകൊണ്ടിരിക്കെയാണ് കൊച്ചു വേലായുധന്‍ നിവേദനവുമായി വന്നത്. നിവേദനം ഉള്‍ക്കൊള്ളുന്ന കവര്‍ സുരേഷ് ഗോപിക്ക് നീട്ടിയപ്പോള്‍ 'ഇതൊന്നും എംപിയുടെ ജോലിയേ അല്ല. പോയി പഞ്ചായത്തില്‍ പറയൂ' എന്ന് പറഞ്ഞ് മടക്കുകയാണ് ചെയ്തത്. തുടര്‍ന്ന് കൊച്ചുവേലായുധന് വീട് വെച്ച് നല്‍കുമെന്ന് സിപിഐഎം പ്രഖ്യാപിച്ചിരുന്നു.
Content Highlights: Suresh Gopi about controversies on interaction progrrame at Thrissur